അഴകിനും ആരോഗ്യത്തിനും ആയുസ്സിനും ഭക്ഷണത്തിനൊപ്പം ഡ്രൈ ഫ്രൂഡ്‌സ് പതിവാക്കാം.

1 min read

പ്രോട്ടീന്‍, വൈറ്റമിനുകള്‍, അവശ്യമായ കൊഴുപ്പ്, ധാതുക്കള്‍ എന്നിവയെല്ലാം അടങ്ങിയ പോഷകമൂല്യം അധികമുള്ള ആഹാരവിഭവമാണ് നട്‌സ്. ദിവസവും നട്‌സ് കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കും. എന്നാല്‍ വേഗത്തില്‍ പ്രായമാകുന്നതും പ്രായത്തിന്റെ ലക്ഷണങ്ങള്‍ തൊലിപ്പുറത്ത് ദൃശ്യമാകുന്നതും തടയാന്‍ നട്‌സ് സഹായിക്കുമെന്ന് ദഹെല്‍ത്ത്‌സൈറ്റ്.കോമില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പദ്മശ്രീ പുരസ്‌ക്കാരജേതാവും ആയുര്‍വേദിക് ബ്യൂട്ടി മൂവ്‌മെന്റിന്റെ മുന്‍നിരക്കാരിയുമായ ഷഹനാസ് ഹുസൈന്‍ പറയുന്നു.

ആന്റി ഓക്‌സിഡന്റുകളും ഒമേഗ3 ഫാറ്റി ആസിഡുകളും അടങ്ങിയ നട്‌സിന് വേറെയും പല ഗുണങ്ങളുമുണ്ടെന്ന് ലേഖനം ചൂണ്ടിക്കാണിക്കുന്നു. പഴങ്ങളെയും പച്ചക്കറികളെയും അപേക്ഷിച്ച് ദീര്‍ഘകാലം അവ കേടാകാതെ ഇരിക്കും. പ്രത്യേകിച്ച് പാചകമോ തയാറെടുപ്പുകളോ കൂടാതെ എളുപ്പത്തില്‍ കഴിക്കാനും സാധിക്കും. ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ നട്‌സുകളുടെ ഉപയോഗം സഹായിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ദിവസവും നട്‌സ് കഴിക്കുന്നവര്‍ ഹൃദ്രോഗമോ ശ്വാസകോശ പ്രശ്‌നങ്ങളോ അര്‍ബുദമോ ബാധിച്ച് മരണപ്പെടാനുള്ള സാധ്യത കുറവാണെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം ആരോഗ്യഗുണങ്ങള്‍ മാത്രമല്ല അഴകിനും നട്‌സ് സഹായകമാണ്. ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുള്ളതിനാല്‍ നട്‌സിന്റെ ഉപയോഗം പ്രായത്തെ ചെറുക്കാന്‍ സഹായിക്കും. ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തെ സംരക്ഷിക്കുന്നതിനാല്‍ പ്രായത്തിന്റെ ലക്ഷണങ്ങള്‍ തൊലിപ്പുറത്ത് അധികം ദൃശ്യമാകില്ലെന്ന് ലേഖനം പറയുന്നു. നട്‌സില്‍ അടങ്ങിയിരിക്കുന്ന ബികോംപ്ലക്‌സ് വൈറ്റമിനുകള്‍ മാനസിക ആരോഗ്യത്തിനും ഉത്തമമാണെന്ന് ഷഹനാസ് ചൂണ്ടിക്കാട്ടുന്നു. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കാനും നട്‌സ് സഹായകമാണ്. ഇത്തരത്തില്‍ ലിപിഡ് പ്രൊഫൈല്‍ മെച്ചപ്പെടുത്തുന്നതിലൂടെ ഹൃദ്രോഗത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യതകളെയും നട്‌സ് കുറയ്ക്കുന്നു.

ബദാമില്‍ കാല്‍സ്യവും വൈറ്റമിന്‍ ഇയും അടങ്ങിയിരിക്കുമ്പോള്‍ പിസ്ത വൈറ്റമിന്‍ ബി6നാലും പൊട്ടാസ്യത്താലും സമ്പന്നമാണ്. ഇത് കണ്ണുകള്‍ക്കും വളരെ നല്ലതാണ്. വാള്‍നട്‌സിലാകട്ടെ ആന്റിഓക്‌സിഡന്റുകളും ഒമേഗ3 ആസിഡും നിറഞ്ഞിരിക്കുന്നു. ഇത് ഹൃദയാരോഗ്യത്തെയും രക്തത്തിലെ പഞ്ചസാരയുടെ തോതിനെയും നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും ലേഖനം പറയുന്നു.

എന്നാല്‍ മിതമായ തോതില്‍ മാത്രം വേണം നട്‌സ് ഉപയോഗിക്കാന്‍. ഒരു പിടിയാണ് ഇതിന്റെ കണക്ക്. അമിതമായി ഉപയോഗിച്ചാല്‍ സാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയ കശുവണ്ടി പോലുള്ള നട്‌സ് ഭാരവര്‍ധനവിലേക്ക് നയിക്കാം. ഉപ്പ് ചേര്‍ത്ത് തയാറാക്കിയ നട്‌സും ഒഴിവാക്കണം. ക്രീം ഡിസേര്‍ട്ടുകളുടെ ഭാഗമായുള്ള നട്‌സിന്റെ ഉപയോഗവും നല്ലതല്ലെന്ന് ലേഖനം കൂട്ടിച്ചേര്‍ത്തു.

Content Summary: Add Nuts In Your Diet To Fight The Signs Of Ageing

Related posts:

Leave a Reply

Your email address will not be published.