ശബരിമല വിശേഷം : ഇരുമുടിക്കെട്ട്
1 min readഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി ചവിട്ടി അയ്യപ്പദര്‍ശനം നടത്തുമ്പോഴേ ശബരിമല തീര്‍ത്ഥാടനം അതിന്റെ എല്ലാ അര്‍ത്ഥത്തിലും പൂര്‍ണമാകൂ. കെട്ട് നിറയ്ക്കാത്തവര്‍ക്ക് പതിനെട്ടാം പടി കയറാന്‍ പറ്റില്ല. ഇവര്‍ക്ക് വടക്കേ നട വഴിയാണ് ദര്‍ശനം. പന്തളം കൊട്ടാരത്തിലെ അമ്മ മഹാറാണിയുടെ രോഗം മാറാന്‍ പുളിപ്പാല്‍ തേടി പുറപ്പെട്ട അയ്യപ്പന്‍ ഇരുമുടിക്കെട്ടുമായാണത്രേ കാട്ടിലേക്ക് പോയത്. ഇതിന്റെ ഓര്‍മ്മയ്ക്കാണ് ഇരുമുടിയേന്തുന്നതെന്നാണു വിശ്വാസം. പാപപുണ്യങ്ങളുടെ ചുമടാണ് ഇരുമുടിക്കെട്ട്. ഇരുമുടിയേന്തി മല ചവിട്ടുന്നത് പുണ്യമായി ഭക്തര്‍ കരുതുന്നു. ഗുരുസ്വാമിയാണ് കെട്ട് നിറയ്ക്കുന്നത്. കന്നി അയ്യപ്പന്മാരുടെ ഇരുമുടി ചുവന്ന നിറത്തിലുുള്ള പട്ടുകൊണ്ടുള്ളതായിരിക്കണം. മറ്റുള്ളവര്‍ക്ക് കറുപ്പ്, നീല തുണികള്‍ ഉപയോഗിക്കാം. അയ്യപ്പനുള്ള വഴിപാട് സാധനങ്ങളാണ് മുന്‍കെട്ടില്‍ നിറയ്ക്കുന്നത്. പിന്‍ കെട്ടില്‍ ഭക്തര്‍ക്ക് വഴിമധ്യേ കഴിക്കാനുള്ള ഭക്ഷണ വസ്തുക്കളും. പള്ളിക്കെട്ട്, ഇരുമുടിക്കെട്ട് എന്നിങ്ങനെ പല പേരുകളിലും ഇത് അറിയപ്പെടുന്നു.