മൂന്നാറിലെ പറുദീസയ്ക്ക് പൂട്ടിട്ട് കെഎസ്ആര്‍ടിസി

1 min read

മൂന്നാര്‍: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് തണലായിരുന്ന ഗ്രാന്റീസ് മരങ്ങള്‍ ഇനി അന്യം. റോഡിന് സമീപത്തെ മതിലുകളില്ലാത്ത സ്ഥലത്ത് നിറഞ്ഞ് നിന്നിരുന്ന ഗ്രാന്റീസ് മരക്കൂട്ടം, സഞ്ചാരികള്‍ യാത്രയ്ക്കിടെ അല്‍പ നേരം വാഹനമൊതുക്കി വിശ്രമിക്കുന്നതിനും ഭക്ഷണം കഴിക്കാനും ഗ്രൂപ്പ്, സെല്‍ഫി ഫോട്ടോകള്‍ എടുക്കുന്നതിനും ആയിരുന്നു ഉപയോഗിച്ചിരുന്നത്.മൂന്നാറില്‍ സന്ദര്‍ശനത്തിനെത്തിയിട്ടുള്ള മിക്ക സഞ്ചാരികളുടെ കൈയിലും ഗ്രാന്റീസ് മരങ്ങള്‍ക്കിടയില്‍ നിന്നുള്ള ഒരു ചിത്രമെങ്കിലും കാണും.എന്നാല്‍ ഇനി അത്തരം ചിത്രങ്ങള്‍ പകര്‍ത്താന്‍ വിനോദസഞ്ചാരികള്‍ക്ക് കഴിയില്ല. ഗ്രാന്റീസ് മരങ്ങള്‍ നിറഞ്ഞ ആ ഒന്നരയേക്കറിന് കെഎസ്ആര്‍ടിസി മതില്‍ തീര്‍ത്തു.

കാറ്റത്ത് മറഞ്ഞ് വീണ മരത്തില്‍ ഊഞ്ഞാലാടിയും ഫോട്ടോകള്‍ക്ക് പോസ് ചെയ്തും സമയം ചിലവഴിച്ചിരുന്ന സന്ദര്‍ശകര്‍ക്ക് ഇനി ഇവിടേക്ക് കയറാന്‍ അനുമതിയില്ല.കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ പുറത്ത് നിന്നുള്ളവര്‍ക്ക് കയറാന്‍ സാധിക്കാത്ത വിധത്തില്‍ വേലി നിര്‍മ്മിച്ചതാണ് സഞ്ചാരികള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.ഊട്ടിക്ക് സമാനമായ മൂന്നാറിലെ കാലവസ്ഥയില്‍ ഇത്തിരിനേരം ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും കുട്ടികളെ കളിപ്പിക്കുന്നതിനും ഇനി മറ്റിടങ്ങള്‍ തേടണം. സഞ്ചാരികളുടെ ഈ നഷ്ടം ടൂറിസം മേഖലയെയും ബാധിക്കും. മൂന്നാറിലെ ടൂറിസം സാധ്യതകള്‍ മുന്നില്‍ കണ്ട് കെഎസ്ആര്‍ടിസി കുറഞ്ഞ ചിലവില്‍ സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കുമ്പോഴാണ് സഞ്ചാരികള്‍ വിശ്രമിച്ചിരുന്ന ഒരു പ്രദേശം തന്നെ അടച്ച് കെട്ടിയത്. സംരക്ഷണത്തിനായി മതില്‍ കെട്ടിയെങ്കിലും ചെറിയൊരു തുക പാസിനായി ഏര്‍പ്പെടുത്തി, ഗ്രീന്റീസ് മരങ്ങളുടെ സൌന്ദര്യമാസ്വദിക്കാന്‍ അനുവദിക്കമെന്ന് സഞ്ചാരികള്‍ ആവശ്യപ്പെടുന്നു.

Related posts:

Leave a Reply

Your email address will not be published.