കാബൂളിലെ പാര്‍ക്കുകളില്‍ സ്ത്രീകള്‍ പ്രവേശിക്കരുതെന്ന് താലിബാന്‍
1 min read
കാബൂളിലെ പാര്‍ക്കുകളില്‍ പ്രവേശിക്കരുത് എന്ന് സ്ത്രീകളോട് താലിബാന്‍. കാബൂളിലെ എല്ലാ പാര്‍ക്കുകളിലും സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് താലിബാന്‍ എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. വൈസ് ആന്‍ഡ് വെര്‍ച്യൂ മന്ത്രാലയം വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചതായും ബിബിസി എഴുതുന്നു.
പാര്‍ക്കുകളില്‍ ഇസ്ലാമിക നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്ന് ആരോപിച്ചു കൊണ്ടാണ് സ്ത്രീകള്‍ക്ക് ഇവിടെ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2021 ആ?ഗസ്ത് മാസത്തില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനെ തുടര്‍ന്ന് സ്ത്രീകളുടെ അവകാശങ്ങള്‍ ഓരോന്നായി ഇല്ലാതാവുകയാണ്.
താലിബാന്‍ ഭരണത്തിന് കീഴില്‍ ഞായര്‍, തിങ്കള്‍, ചൊവ്വ എന്നീ ദിവസങ്ങളിലാണ് സ്ത്രീകള്‍ക്ക് പാര്‍ക്ക് സന്ദര്‍ശിക്കാന്‍ അനുവാദമുണ്ടായിരുന്നത്. ബാക്കി ദിവസങ്ങളില്‍ പുരുഷന്മാര്‍ക്കും സന്ദര്‍ശിക്കാം. എന്നാലിപ്പോള്‍ പുരുഷന്മാര്‍ കൂടെയുണ്ടെങ്കില്‍ പോലും സ്ത്രീകള്‍ക്ക് പാര്‍ക്കില്‍ പോകുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
‘കഴിഞ്ഞ 15 മാസമായി സ്ത്രീകള്‍ പാര്‍ക്കില്‍ പോകുന്നുണ്ട്. എന്നാല്‍, ഞങ്ങളുടെ ശ്രമങ്ങള്‍ വിഫലമാക്കിക്കൊണ്ട് അവര്‍ അവിടെ ശരിയ നിയമം അനുസരിക്കുന്നില്ല അതുകൊണ്ടാണ് നിരോധനം’ എന്ന് മിനിസ്ട്രി ഓഫ് പ്രൊപഗേഷന്‍ ഓഫ് വെര്‍ച്യൂ ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് വൈസ് വക്താവായ മുഹമ്മദ് ആകിഫ് ബിബിസി യോട് പറഞ്ഞു. പുരുഷന്മാരുടെ കൂടെ വരുന്നതായാലും അല്ലാതെ വരുന്നതായാലും ഏത് സ്ത്രീയേയും ഇനി പാര്‍ക്കുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല എന്നും ഇയാള്‍ വ്യക്തമാക്കി.
സാധാരണയായി സ്ത്രീകള്‍ കുടുംബത്തോടും കുട്ടികളോടും ഒപ്പം പാര്‍ക്കുകളില്‍ എത്തുകയും അവിടെയുള്ള സൗകര്യങ്ങള്‍ ആസ്വദിക്കുകയും ചെയ്യാറുണ്ടായിരുന്നു. എന്നാലിപ്പോള്‍ സ്ത്രീകള്‍ക്ക് പാര്‍ക്കില്‍ കയറാന്‍ അനുവാദമില്ല. നിലവില്‍, കാബൂളില്‍ മാത്രമാണ് നിരോധനമെങ്കിലും ഭാവിയില്‍ അത് രാജ്യത്താകെയും നടപ്പിലാക്കും എന്നാണ് കരുതുന്നത്.
താലിബാന്‍ അധികാരത്തില്‍ വന്ന ശേഷം അഫ്ഗാനില്‍ സ്ത്രീകളുടെ ഓരോ അവകാശങ്ങളായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇവിടെ നടക്കുന്നത്.