യാത്ര പൂര്‍ത്തിയായില്ല, അതിന് മുമ്പേ വലയില്‍

1 min read

തിരുവനന്തപുരം: ബംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന വോള്‍വോ ബസില്‍ നിന്ന് മയക്കുമരുന്ന് പിടികൂടി. ആറ്റിങ്ങല്‍ ആലംകോട് സ്വദേശി ഷാന്‍ (23) ആണ് എംഡിഎംഎയുമായി എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പങ്കാളിയും മയക്കുമരുന്ന് വാങ്ങുന്നതിന് സാമ്പത്തിക ഇടപാട് നടത്തുകയും ചെയ്ത വര്‍ക്കല സ്വദേശി ആദര്‍ശ് (22) നെയും സംഭവത്തില്‍ പിടികൂടിയിട്ടുണ്ട്.

അമരവിള ആര്‍ടിഒ ചെക്ക്‌പോസ്റ്റിലെ പാര്‍ക്കിംഗ് യാര്‍ഡില്‍ വച്ച് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന വാഹനങ്ങളെ പരിശോധിച്ചപ്പോഴാണ് ബസ് യാത്രക്കാരനായ ഷാനില്‍ നിന്ന് 75 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാജഹാന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന. ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ വാങ്ങി ആറ്റിങ്ങലിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇയാള്‍.

അടുത്ത കാലത്ത് ബസുകളില്‍ ലഹരിമരുന്ന് കടത്തുന്ന നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. രണ്ടാഴ്ചയ്ക്ക് മുമ്പ് ബംഗളൂരുവില്‍ നിന്ന് ലഹരിമരുന്നുകളെത്തിച്ച് കൊല്ലം ജില്ലയില്‍ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. കണ്ണനല്ലൂര്‍ സ്വദേശി ടോം തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ പിടികൂടിയത്. എംഡിഎംഎ വില്‍പ്പനയുടെ ഇടനിലക്കാരന്‍ കൊല്ലത്തേക്ക് സഞ്ചരിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിരീക്ഷണം. ബാംഗളൂവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വോള്‍വോ ബസിലാണ് ഇയാള്‍ സഞ്ചരിച്ചത്.

ബസില്‍ കയറിയത് മുതല്‍ പ്രതി ഡന്‍ഡാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ചിന്നക്കടയില്‍ ബസ് നിര്‍ത്തി, യുവാവ് ഇറങ്ങിയ ഉടന്‍ തന്നെ പൊലീസ് വളഞ്ഞു. ബാഗും വസ്ത്രവും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഒടുവില്‍ ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. 60 ഗ്രാം ലഹരിമരുന്നാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. കൊല്ലം ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കടക്കം എംഡിഎംഎ വിതരണം ചെയ്ത് വരികയായിരുന്നു പ്രതി.

Related posts:

Leave a Reply

Your email address will not be published.