കടിച്ച മൂര്‍ഖന്‍പാമ്പിനെ തിരിച്ച് കടിച്ചുകൊന്ന് എട്ടുവയസുകാരന്
1 min readതന്നെ കടിച്ച പാമ്പിനെ ദേഷ്യം വന്ന് തിരികെ കടിക്കുന്ന നിരവധി വാര്‍ത്തകള്‍ ഇപ്പോള്‍ അടുത്തിടെ വരുന്നുണ്ട്. ഒരു എട്ട് വയസുകാരനും ഇപ്പോള്‍ അതുപോലെ ദേഷ്യം വന്ന് തന്നെ കടിച്ച പാമ്പിനെ തിരിച്ചു കടിച്ചു. കടിച്ചുവെന്ന് മാത്രം പറഞ്ഞാല്‍ പോരാ, കടിച്ച് കൊന്നു എന്ന് പറയണം.
ഛത്തീസ്ഗഢില്‍ നിന്നാണ് ഈ വിചിത്രമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ജഷ്പൂര്‍ ജില്ലയിലെ പന്ദര്‍പാഡ് ഗ്രാമത്തിലാണ് സംഭവം. പാമ്പ് കൈയില്‍ ചുറ്റിയതിനെത്തുടര്‍ന്നാണ് എട്ട് വയസ്സുള്ള കുട്ടി മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്നത്. തിങ്കളാഴ്ച സ്വന്തം വീടിന്റെ പിന്‍വശത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ദീപക് എന്ന എട്ട് വയസുകാരന്. അപ്പോഴാണ് ഒരു മൂര്‍ഖന്‍ അവനെ കടിച്ചത്. ദീപകിന്റെ കയ്യില്‍ ചുറ്റിയ ശേഷമാണ് അത് അവനെ കടിച്ചത്. അവന് ആ പാമ്പിനെ കുടഞ്ഞു മാറ്റാന്‍ കഴിയും പോലെ ശ്രമിച്ചു. പക്ഷേ, പാമ്പ് ചുറ്റിയിടത്തു നിന്നും അനങ്ങിയില്ല.
‘ഞാന്‍ അതിനെ കുടഞ്ഞു മാറ്റാന്‍ ശ്രമിച്ചു. എന്നാല്‍, അത് പോയില്ല. അപ്പോള്‍ ഞാന്‍ അതിനെ രണ്ട് തവണ കടിച്ചു. എല്ലാം വളരെ പെട്ടെന്നായിരുന്നു’ എന്ന് ദീപക് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ ഉടനെ തന്നെ അടുത്തുള്ള പ്രാഥമികാരോ?ഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ‘അവന് പെട്ടെന്ന് തന്നെ ആന്റി സ്നേക് വെനം നല്കി. ആ ദിവസം മുഴുവന്‍ നിരീക്ഷണത്തില്‍ നിര്‍ത്തിയ ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു’ എന്ന് ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെംസ് മിഞ്ച് പറഞ്ഞു. ‘പാമ്പ് കടിച്ചിരുന്നു എങ്കിലും വിഷം അകത്ത് ചെന്നിരുന്നില്ല. പാമ്പ് കടിച്ചതിന്റേതായ അസ്വസ്ഥതകളും വേദനകളും മാത്രമേ ദീപക്കിന് ഉള്ളൂ’ എന്ന് പാമ്പ് വിദഗ്ദ്ധനായ ഖൈസര്‍ ഹുസൈനും പറഞ്ഞു.
ഇതുപോലെ സമാനമായ ഒരു സംഭവം തുര്‍ക്കിയിലും ഉണ്ടായി. തന്റെ ചുണ്ടില്‍ കടിച്ച ഇഴജന്തുവിനെ ഒരു രണ്ട് വയസുകാരി കടിച്ച് കൊല്ലുകയായിരുന്നു.