ലാഭമൊക്കെ ഉണ്ട് പക്ഷേ പറഞ്ഞിട്ട് കാര്യമില്ല, ചെലവാണ് അധികമെന്ന് ഫ്ലിപ്കാര്‍ട്ട്
1 min readലാഭം ഉണ്ടായിട്ടും വലിയ കാര്യമൊന്നുമില്ല എന്ന അവസ്ഥയിലാണ് ഇപ്പോള്‍ ഫ്ലിപ്കാര്‍ട്ട്. രാജ്യത്തെ തന്നെ മുന്‍നിര ഇകൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാര്‍ട്ടിന് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ (202122) 31 ശതമാനം വരുമാന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 10,659 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷത്തിലെ വരുമാനം. പക്ഷേ വരുമാനം കൂടിയിട്ടും വലിയ കാര്യമൊന്നും ഉണ്ടായില്ല.
ഗതാഗതം, വിപണനം, നിയമപരമായ ചെലവുകള്‍ എന്നിവ കാരണം കമ്പനിയ്ക്ക് വലിയ നഷ്ടങ്ങളാണ് ഉണ്ടായത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം കമ്പനിയുടെ അറ്റ നഷ്ടം 51 ശതമാനമാണ്. അതായത് 4,362 കോടി രൂപ.ബിസിനസ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ടോഫ്ലര്‍ ആക്സസിന്റെ ഡാറ്റ പ്രകാരം 10,477 കോടി രൂപയാണ് ഫ്ലിപ്കാര്‍ട്ടിന്റെ പ്രവര്‍ത്തന വരുമാനം. 2021ലെ പ്രവര്‍ത്തന വരുമാനം 7,804 കോടി രൂപയായിരുന്നു. ഫ്ലിപ്കാര്‍ട്ടിന്റെ തന്നെ ഉടമസ്ഥതയിലുള്ള മിന്ത്രയുടെ പ്രവര്‍ത്തന വരുമാനം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 45 ശതമാനമായി ഉയര്‍ന്നു. അതായത് 3501.2 കോടി രൂപയായി മാറി.
മുന്‍വര്‍ഷത്തിലെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ നഷ്ടം 429 കോടിയായിരുന്നു. ഇക്കൊല്ലം അത് 597.6 കോടി രൂപയായി ഉയര്‍ന്നു. ഫ്ലിപ്കാര്‍ട്ടിന് പ്രധാനമായും വരുമാനങ്ങള്‍ ലഭിക്കുന്ന മാര്‍ഗം ഇകൊമേഴ്സ് മാര്‍ക്കറ്റ് പ്ലേസ്, പരസ്യം, കളക്ഷന്‍ സേവനങ്ങള്‍ എന്നിവയാണ്. ഫ്ലിപ്കാര്‍ട്ടിന് ലോജിസ്റ്റിക്സ്, പരസ്യങ്ങള്‍ വഴി യഥാക്രമം 3,848 കോടി രൂപയും 2,083 കോടി രൂപയും നേടി. മാര്‍ക്കറ്റ്പ്ലേസ് സേവനങ്ങളില്‍ നിന്നുള്ള വരുമാനം 2021 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 2,794.6 കോടി രൂപയായിരുന്നു. ഇതാണ് 2022 ആയപ്പോള്‍ 2,823 രൂപയായി ഉയര്‍ന്നു.
2022ലാണ് ഫ്ലിപ്കാര്‍ട്ട് സേവനങ്ങള്‍ വ്യാപിപ്പിക്കുന്നത്. നിലവില്‍ വിഡിയോ സ്ട്രീമിങ്, വിതരണം, ഹോസ്റ്റിങ് സേവനങ്ങള്‍ എന്നിവയിലേക്ക് കൂടി കമ്പനി കടന്നിട്ടുണ്ട്. പരസ്യം ചെയ്യല്‍, പ്രമോഷനുകള്‍, ലോയല്‍റ്റി പ്രോഗ്രാമുകള്‍ എന്നിവ നടത്തുന്നതിന് പുറമെയാണ് ഇത്. ഫ്ലിപ്കാര്‍ട്ട് സ്വന്തമായി കണ്ടന്റ് നിര്‍മിക്കാന്‍ തുടങ്ങിയതും ഈ അടുത്തിടെ ശ്രദ്ധിക്കപ്പെട്ടിരുന്നു.