അശ്ലീല ദൃശ്യങ്ങള്‍ ഫോണിലേക്ക് അയച്ചയാള്‍ക്കെതിരെ പരാതി നല്‍കിയവരെ വട്ടം ചുറ്റിച്ച് പൊലീസ്; ഫോണും നല്‍കുന്നില്ല
1 min readകോഴിക്കോട്: മൊബൈല്‍ ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചയാള്‍ക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയും പിതാവും ഒന്‍പത് മാസമായി പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങുന്നു. കോഴിക്കോട് നടക്കാവിലാണ് സംഭവം. പരാതിയില്‍ നടപടി എടുത്ത് പ്രതിയെ പിടിച്ചില്ലെന്ന് മാത്രമല്ല, പരിശോധനയ്ക്കായി വാങ്ങിയ ഫോണ്‍ ഇതുവരെ പൊലീസ് തിരികെ നല്‍കിയിട്ടുമില്ല. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ ദേഹപരിശോധന കൂടി നടത്തമെന്ന ആവശ്യമാണ് പൊലീസ് ഇപ്പോള്‍ ഉന്നയിക്കുന്നതെന്ന് രക്ഷിതാവ് ആരോപിച്ചു.
2022 ജനുവരി 23ന് രാത്രിയാണ് പതിനേഴുകാരിയുടെ മൊബൈലിലേക്ക് ടെലിഗ്രാം വഴി ഒരാള്‍ അശ്ലീല ദൃശ്യങ്ങള്‍ അയച്ചത്. തൊട്ടുത്ത ദിവസം പെണ്‍കുട്ടിയും അച്ഛനും നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ ഐ ഫോണും പൊലീസ് വാങ്ങി. എന്നാല്‍ മാസം പത്ത് കഴിയുമ്പോഴും കേസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. മാത്രമല്ല, മൊബൈല്‍ ഫോണും പൊലീസിന്റെ കയ്യിലാണ്. കണ്ണൂരിലെ റീജിണല്‍ ലാബില്‍ പരിശോധന നടക്കുന്നുണ്ടെന്നാണ് പരാതിക്കാര്‍ക്ക് സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന വിശദീകരണം.
പോക്‌സോ നിയമപ്രകാരം കേസ് എടുത്തതിനാല്‍ ദേഹപരിശോധന, നിയമപ്രകാരം അനിവാര്യമാണെന്ന് നടക്കാവ് പൊലീസ് പറയുന്നു. ഇപ്പോള്‍ അതിനായി പരാതിക്കാരെ നിര്‍ബന്ധിക്കുകയാണ്. സമാന സ്വഭാവമുള്ള കേസുകള്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്നതിനാല്‍ പരാതിയില്‍ നടപടിയും ഫോണ്‍ ഉടനെ തിരികെ കിട്ടാനുള്ള സാധ്യതയും കുറയുകയാണ്.