കാര്‍ പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കം യുവാവിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു വീഡിയോ

1 min read

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കാര്‍ പാര്‍ക്കിങ്ങിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ 35കാരനെ ആളുകള്‍ നോക്കിനില്‍ക്കെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഭക്ഷണശാലയ്ക്ക് പുറത്ത് വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. വരുണ്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. മര്‍ദനത്തിനിരയായി റോഡില്‍ ഇരിക്കുകയായിരുന്ന യുവാവിനെ മറ്റൊരു യുവാവ് ഇഷ്ടികകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഭക്ഷണശാലയ്ക്ക് സമീപത്തെ താമസക്കാരനാണ് ഇയാള്‍. പാല്‍ ബിസിനസ് ഉടമയാണ്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണശാലയ്ക്ക് പുറത്ത് വരുണ്‍ കാര്‍ പാര്‍ക്ക് ചെയ്തിരുന്നു.

തൊട്ടടുത്തുള്ള വാഹനത്തിന്റെ ഡോറുകള്‍ തുറക്കാനാകാത്ത തരത്തിലാണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നതെന്നും ഇത് വരുണും മറ്റ് കാറിലുണ്ടായിരുന്നവരും തമ്മില്‍ തര്‍ക്കത്തിനിടയാക്കിയെന്നും പ്രദേശവാസികള്‍ പറഞ്ഞു. തര്‍ക്കം അടിയില്‍ കലാശിച്ചു. വരുണ്‍ ക്രൂരമായി ആക്രമിക്കപ്പെട്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തലക്ക് മാരകമായി പരിക്കേറ്റ വരുണിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അഞ്ച് പൊലീസ് സംഘങ്ങള്‍ പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും അറിയിച്ചു. കൊല്ലപ്പെട്ട അരുണിന്റെ ബന്ധുക്കള്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം നടത്തി.
ഗാസിയാബാദില്‍ അക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും പൊലീസ് നിഷ്‌ക്രിയമാണെന്നും ആരോപണമുയര്‍ന്നു. പൊതുസ്ഥലത്ത് ആളുകള്‍ നോക്കി നില്‍ക്കെയുണ്ടായ കൊലപാതകം നഗരത്തെ ഞെട്ടിച്ചിട്ടുണ്ട്. റോഡരികിലെ ചെറുഭക്ഷണശാലകളില്‍ പോലും മദ്യം ലഭിക്കുന്ന അവസ്ഥയാണെന്നും ആരോപണമുയര്‍ന്നു.

Related posts:

Leave a Reply

Your email address will not be published.