ചികിത്സാ പിഴവ് മൂലം കുട്ടി മരിച്ച സംഭവം; കുടുംബത്തിന് 90 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി

1 min read

അബുദാബി: ചികിത്സാ പിഴവ് മൂലം കുട്ടി മരിച്ച സംഭവത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. അല്‍ ഐനിലാണ് സംഭവം. കുട്ടിയുടെ കുടുംബത്തിന് ബ്ലഡ് മണി ഇനത്തിലും നഷ്ടപരിഹാരമായും 400,000 ദിര്‍ഹം (90 ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധിച്ചത്.

ചികിത്സാ പിഴവിന് കാരണക്കാരായ രണ്ട് ആശുപത്രികളും ഡോക്ടര്‍മാരും ചേര്‍ന്ന് നഷ്ടപരിഹാര തുക കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നാണ് അല്‍ ഐന്‍ സിവില്‍ കോടതി ഉത്തരവില്‍ പറയുന്നത്. ചികിത്സ നല്‍കുന്നതില്‍ ഇവര്‍ പിഴവ് വരുത്തിയതായി കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിധി. 1.5 കോടി ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് മരണപ്പെട്ട കുട്ടിയുടെ മാതാപിതാക്കള്‍ കുട്ടിയെ ചികിത്സിച്ച ആശുപത്രികള്‍ക്കും അവിടുത്തെ ഡോക്ടര്‍മാര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തതായി ഔദ്യോഗിക കോടതി രേഖകളില്‍ പറയുന്നു.

അടിയന്തരമായി ചികിത്സ ആവശ്യമുള്ള കുട്ടിയെ, ആരോഗ്യനില മോശമായിട്ടും ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടര്‍മാരുടെ ചികിത്സാ പിഴവും അശ്രദ്ധയും മൂലവും ചികിത്സയില്‍ കൃത്യമായ മെഡിക്കല്‍ നിലവാരം പുലര്‍ത്താത്തത് കാരണവുമാണ് കുട്ടി മരിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പിതാവ്, ആരോഗ്യ മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. മന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ടില്‍ കുട്ടിയുടെ മരണം കൃത്യസമയത്ത് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ടത് മൂലമാണെന്ന് വ്യക്തമാക്കിയിരുന്നു.

ഉന്നത മെഡിക്കല്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടും ചികിത്സാ പിഴവ് ശരിവെക്കുന്നതായിരുന്നു. മെഡിക്കല്‍ നിലവാരത്തിന് യോജിച്ച രീതിയിലല്ല ആശുപത്രി ചികിത്സ നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗിയുടെ ആരോഗ്യനില മോശമായിട്ടു പോലും മറ്റൊരു ആശുപത്രിയിലേക്ക് ആംബുലന്‍സിലല്ല മാറ്റിയത്. ഇതിന് കാരണക്കാരനായ ഡോക്ടറെയും കമ്മറ്റി വിമര്‍ശിച്ചു. ചികിത്സാ പിഴവിന് കാരണമായ രണ്ട് ആശുപത്രികളും ഡോക്ടര്‍മാരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ ക്രിമിനല്‍ കോടതി ബ്ലഡ് മണിയായി കുട്ടിയുടെ കുടുംബത്തിന് 200,000 ദിര്‍ഹം നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു.

തുടര്‍ന്ന് കുട്ടിയുടെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തു. കേസ് പരിഗണിച്ച കോടതി ആശുപത്രികളും ഡോക്ടര്‍മാരും ചേര്‍ന്ന് കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 200,000 ദിര്‍ഹം കൂടി നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു. നിയമ നടപടിക്രമങ്ങള്‍ക്ക് കുടുംബത്തിന് ചെലവായ തുകയും ഇവര്‍ നല്‍കണം.

Related posts:

Leave a Reply

Your email address will not be published.