കെനിയയില്‍ ഇന്ത്യക്കാരെ കൊലപ്പെടുത്തിയ സംഭവം; അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ, വിശദമായ അന്വേഷണം ആവശ്യപ്പെട്ടു

1 min read

രണ്ട് ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കെനിയയോട് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കെനിയ കൈമാറാത്തതിലും ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി. ഇന്ത്യക്കാരെ കൊലപ്പെടുത്തിയത് കെനിയയില്‍ മുന്‍പ് പിരിച്ചുവിട്ട ക്രിമിനല്‍ അന്വേഷണ സംഘമാണെന്നാണ് സൂചന.

കെനിയന്‍ പ്രസിഡന്റ് വില്ല്യം റൂട്ടോയുടെ ഡിജിറ്റല്‍ പ്രചാരണ സംഘത്തില്‍ അംഗങ്ങളായിരുന്നു ഇന്ത്യാക്കാരായ സുല്‍ഫിക്കര്‍ അഹമ്മദ് ഖാന്‍, മുഹമ്മദ് കിദ്വായി എന്നിവര്‍. കഴിഞ്ഞ ജൂലൈയില്‍ ടാക്‌സി ഡ്രൈവറോടൊപ്പം ഇവരെ കാണാതാവുകയും പിന്നീട് കൊല്ലപ്പെട്ടതായി വിവരം ലഭിക്കുകയുമായിരുന്നു. എന്നാല്‍ കൊലപാതകത്തെ കുറിച്ച് കെനിയന്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.

കെനിയയിലെ ഇന്റേണല്‍ അഫേഴ്‌സ് യൂണിറ്റ് ആണ് ഇന്ത്യക്കാരുടെ കൊലപാതകത്തില്‍ അന്വേഷണം നടത്തുന്നത് . മുന്‍പ് കെനിയയിലെ ഭരണകൂടം പിരിച്ചുവിട്ട കെനിയന്‍ പൊലീസ് വകുപ്പിലെ ഒരു സംഘത്തിന് കൊലപാതകത്തില്‍ പങ്കുള്ളതായി ആരോപണമുണ്ട്. കെനിയന്‍ പ്രസിഡന്റിന്റെ അടുപ്പക്കാരില്‍ ഒരാള്‍ തന്നെ ഇത് വെളിപ്പെടുത്തിയതോടെ കേസിലെ ദുരൂഹത വര്‍ധിച്ചിരിക്കുകയാണ്.

ഇന്ത്യാക്കാരെ കൊലപ്പെടുത്തിയ കേസില്‍ ഇപ്പോള്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരിക്കുന്നവരില്‍ ചിലര്‍ ഈ സംഘത്തില്‍പ്പെട്ടവരാണ്. ഇക്കാര്യം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ കെനിയയിലെ ഹൈകമ്മീഷണര്‍ പ്രസിഡിന്റിനെ നേരില്‍ കണ്ട് വിശദമായ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.

കേസിലെ ദുരൂഹതയും വിവരങ്ങള്‍ പുറത്ത് വിടാത്ത സാഹചര്യവും അസ്വസ്ഥജനകമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ ദിവസം ദില്ലിയിലെ കെനിയന്‍ അംബാസിഡറെ വിളിച്ച് വരുത്തി സംഭവത്തിലെ രാജ്യത്തിന്റെ ആശങ്ക വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

Related posts:

Leave a Reply

Your email address will not be published.