കോപ്പിയടി പേപ്പര്‍ ലവ് ലെറ്ററെന്ന് തെറ്റിദ്ധരിച്ചു, 12 കാരനെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം റെയില്‍വെ ട്രാക്കില്‍

1 min read

പാറ്റ്‌ന: അര്‍ദ്ധവാര്‍ഷിക പരീക്ഷ എഴുതുന്നതിനിടെ മേശയില്‍ നിന്ന് ലഭിച്ച കോപ്പിയടിക്കാനെഴുതിയ പേപ്പര്‍ പ്രണയലേഖനമാണെന്ന് തെറ്റിദ്ധരിച്ചതിന്റെ പേരില്‍ നടന്നത് ക്രൂരമായ കൊലപാതകം. ‘ലവ് ലെറ്റര്‍’ ലഭിച്ച വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ 12 വയസ്സുകാരനെ അതിക്രൂരമായാണ് വെട്ടിക്കൊലപ്പെടുത്തിയത്. ബിഹാറിലെ ഭോജ്പൂര്‍ ജില്ലയിലാണ് സംഭവം. സമീപത്തെ റെയില്‍വേ ട്രാക്കില്‍ ചിതറിക്കിടന്ന നിലയിലാണ് 12 കാരന്റെ മൃതദേഹം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ദയ കുമാര്‍ എന്ന കുട്ടിയാണ് അതിദാരുണമായി കൊല ചെയ്യപ്പെട്ടത്. ഒക്‌ടോബര്‍ 13ന് ദയ കുമാര്‍ തന്റെ സഹോദരിയെ അര്‍ദ്ധ വാര്‍ഷിക പരീക്ഷ എഴുതാന്‍ സ്‌കൂളിലേക്ക് കൊണ്ടുവന്നതായിരുന്നു. ഇവരുടെ ബന്ധു അതേ സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിച്ചിരുന്നു. പരീക്ഷ തുടങ്ങിയപ്പോള്‍, കുട്ടി തന്റെ സഹോദരിയെ പരീക്ഷയില്‍ സഹായിക്കുന്നതിനായി ഉത്തരമെഴുതിയ പേപ്പര്‍ ചുരുട്ടി എറിഞ്ഞു. ഇത് അബദ്ധത്തില്‍ മറ്റൊരു പെണ്‍കുട്ടിയുടെ അടുത്താണ് ചെന്ന് വീണത്. ഇത് 12 കാരന്‍ തനിക്കെഴുതിയ ലവ് ലെറ്റര്‍ ആണെനന് തെറ്റിദ്ധരിച്ച പെണ്‍കുട്ടി ഇത് അവളുടെ സഹോദരങ്ങളെ അറിയിച്ചു.

പെണ്‍കുട്ടിയുടെ സഹോദരന്മാര്‍ സ്ഥലത്തെത്തി കുട്ടിയെ മര്‍ദിക്കുകയും തട്ടിക്കൊണ്ടു പോകുകയുമായിരുന്നുവെന്ന് പോലീസ് വൃത്തങ്ങളെയും ഇരയുടെ കുടുംബാംഗങ്ങളെയും ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം നടന്ന് നാല് ദിവസത്തിന് ശേഷം കുട്ടിയുടെ ശരീരഭാഗങ്ങള്‍ റെയില്‍വെ ട്രാക്കില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. ഉദ്‌വന്ത്‌നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

അറസ്റ്റിലായവരില്‍ നാല് പ്രായപൂര്‍ത്തിയാകാത്തവരും പെണ്‍കുട്ടിയുടെ മുതിര്‍ന്ന കുടുംബാംഗങ്ങളും ഉള്‍പ്പെടുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവരെ റിമാന്‍ഡ് ഹോമുകളിലേക്ക് അയച്ചക്കുകയും മുതിര്‍ന്നവരെ ജയിലിലേക്ക് മാറ്റുകയും ചെയ്തു. കേസില്‍ അന്വേഷണം തുടരുകയാണ്.

Related posts:

Leave a Reply

Your email address will not be published.