നാല് വയസ്സുകാരിയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു, പ്രിന്‍സിപ്പലിന്റെ ഡ്രൈവര്‍ അറസ്റ്റില്‍
1 min readഹൈദരാബാദ് : ഹൈദരാബാദില്‍ നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രിന്‍സിപ്പലിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. രണ്ട് മാസമായി തുടരുന്ന പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി അമ്മയോട് തുറന്ന് പറഞ്ഞതോടെ പെണ്‍കുട്ടികളുടെ മാതാപിതാക്കളും മറ്റ് വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി ഒത്തുകൂടി ഡ്രൈവറെ മര്‍ദിച്ചിരുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നു. കുട്ടി അസാധാരണമാം വിധം നിശബ്ദയാകുകയും വിഷാദത്തോടെ പെരുമാറുകയും കരയുകയും ചെയ്യുന്നതായി കാണപ്പെട്ടിരുന്നു. അമ്മയോട് സംസാരിച്ചതിന് ശേഷമാണ് കുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. പ്രിന്‍സിപ്പലിന്റെ ചേംബറിന് സമീപമുള്ള ഡിജിറ്റല്‍ ക്ലാസ് റൂമിലോ ലാബിലോ വെച്ചാണ് ബലാത്സംഗത്തിനിരയായതെന്നാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച മാതാപിതാക്കള്‍ കുട്ടിയോടൊപ്പം സ്‌കൂളിലേക്ക് പോയപ്പോള്‍ അവള്‍ ഡ്രൈവറെ ചൂണ്ടിക്കാണിച്ചു,.തുടര്‍ന്ന് മാതാപിതാക്കള്‍ പരാതി നല്‍കുകയും അതേ ദിവസം തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പെണ്‍കുട്ടിയെ ഒരു കൗണ്‍സിലിംഗ് സെന്ററിലെത്തിക്കുകയും അവിടെ വച്ച് കുട്ടി കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുകയും പിന്നീട് വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഐപിസി സെക്ഷന്‍ 376 (ബലാത്സംഗം), പോക്‌സോ ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സ്‌കൂള്‍ ലബോറട്ടറികള്‍ പരിപാലിക്കുക, സ്റ്റാഫ് അംഗങ്ങള്‍ക്കായി ജോലികള്‍ ചെയ്യുക, അങ്ങനെ കാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ജോലികളും ഡ്രൈവര്‍ കൈകാര്യം ചെയ്തിരുന്നതായി ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇയാള്‍ മറ്റ് വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ച മുമ്പ് ദില്ലിയിലെ സ്‌കൂളില്‍ നടന്ന മറ്റൊരു ലൈംഗികാതിക്രമക്കേസില്‍, 11 വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ രാജ്യതലസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയത്തിലെ ശുചിമുറിയില്‍ വെച്ച് രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവം പുറത്തുവന്നിരുന്നു.
ജൂലൈയിലാണ് സംഭവം നടന്നതെങ്കിലും ദില്ലി വനിതാ കമ്മീഷന്‍ (ഡിസിഡബ്ല്യു) വിഷയം ഉയര്‍ത്തിക്കാട്ടിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവം ഗൗരവമുള്ള വിഷയമാണെന്ന് വിശേഷിപ്പിച്ച ഡിസിഡബ്ല്യു, ദില്ലി പൊലീസിനും സ്‌കൂള്‍ പ്രിന്‍സിപ്പലിനും വിഷയത്തില്‍ നോട്ടീസ് അയച്ചു. സംഭവം പൊലീസില്‍ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കാന്‍ സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയോ അവളുടെ മാതാപിതാക്കളോ സംഭവം പ്രിന്‍സിപ്പലിനെ അറിയിച്ചിട്ടില്ലെന്നും പൊലീസ് അന്വേഷണത്തെ തുടര്‍ന്നാണ് ഇത് വെളിപ്പെട്ടതെന്നും കേന്ദ്രീയ വിദ്യാലയ സംഗതന്‍ (കെവിഎസ്) ഭാരവാഹികള്‍ പറഞ്ഞു.