ദിനേശ് കാര്‍ത്തികിന് സ്വപ്നസാക്ഷാത്കാരം; സന്തോഷം പങ്കുവച്ച് താരം
1 min readമുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചതോടെ സീനിയര്‍ താരം ദിനേശ് കാര്‍ത്തിക്കാണ് ചര്‍ച്ചാ വിഷയം. ടീമില്‍ ഉള്‍പ്പെട്ടുവെന്ന് അറിഞ്ഞതോടെ സ്വപ്നസാക്ഷാത്കാരം എന്നായിരുന്നു കാര്‍ത്തികിന്റെ പ്രതികരണം. ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആയ ചിത്രമാണിത്. 2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് നേടിയ ടീമിന്റെ മുന്‍നിരയില്‍ തന്നെയുണ്ട് ദിനേശ് കാര്‍ത്തിക്. പതിനഞ്ചുവര്ഷത്തിനിപ്പുറം ഇന്ത്യ മറ്റൊരു ലോകകപ്പിന് തയ്യാറെടുക്കുമ്പോള്‍ മുപ്പത്തിയേഴുകാരനായ കാര്‍ത്തിക് ടീമിലുണ്ട്.
കാര്‍ത്തികിനൊപ്പം ആദ്യ ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ രോഹിത് ശര്‍മ്മയാണ് ഓസ്ട്രേലിയയില്‍ ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യയുടെ ആദ്യ ട്വന്റി 20യില്‍ മാന്‍ ഓഫ് ദി മാച്ചായ കാര്‍ത്തിക് ടീമില്‍ നിന്ന് പുറത്തായതോടെ 2021ല്‍ കമന്റേറ്ററുടെ റോളിലേക്ക് വരെ മാറി. 2021ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ സഹതാരങ്ങളുടെ കളിപറഞ്ഞ കാര്‍ത്തിക്ക് ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് നീലക്കുപ്പായത്തിലേക്ക് തിരിച്ചെത്തിയത്.