സൗദിയിലെ സ്കൂള്‍ കാന്റീനുകളില്‍ ശീതളപാനീയ വില്പന വിലക്കി
1 min readറിയാദ്: വിദ്യാര്‍ഥികളുടെ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ സ്കൂള്‍ കോമ്പൗണ്ടുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനുകളെ നിരീക്ഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആരോഗ്യനിബന്ധനകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തില്‍ കാന്റീനുകളില്‍ ശീതളപാനീയ വില്പന ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രാലയ വക്താവ് ഇബ്തിസാം അഷഹ്രി വ്യക്തമാക്കി.
മന്ത്രാലയം നിഷ്കര്‍ഷിച്ച പോഷകാഹാര മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സ്കൂള്‍, കോളജ് കാന്റീന് കരാറുകാര്‍ ബാധ്യസ്ഥരാണ്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ മന്ത്രാലയം നടപടി സ്വീകരിക്കും. സ്വകാര്യമേഖലയില്‍ കുട്ടികളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുംവിധമുള്ള മത്സരം പ്രോത്സാഹിപ്പിക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. സ്കൂളുകളുടെ പരിപാലനത്തിലും ആരോഗ്യ ശുചിത്വകാര്യങ്ങളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്ന വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അല്‍ശൈഖ് പുതിയ അധ്യയനവര്‍ഷത്തില്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പ്രവിശ്യാ ഓഫിസുകള്‍ക്ക് നല്‍കിക്കഴിഞ്ഞു.