ബജറ്റില്‍ കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
1 min readഡല്‍ഹി: ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കാനിരിക്കുന്ന ബജറ്റില്‍ 35ലധികം ഇനങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍. ഇന്ത്യയില്‍ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും അവശ്യേതര വസ്തുക്കളുടെ ഇറക്കുമതി തടയുന്നതിനുമായി കേന്ദ്രം വരുന്ന ബജറ്റില്‍ ആഭരണങ്ങളും ഉയര്‍ന്ന നിലവാരമുള്ള ഇലക്ട്രോണിക് ഇനങ്ങളും ഉള്‍പ്പെടെയുള്ള ചില ഇനങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
2023ലെ യൂണിയന് ബജറ്റില്‍ സ്വകാര്യ വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ആഭരണങ്ങള്‍, വിറ്റാമിനുകള്‍, ഉയര്‍ന്ന നിലവാരമുള്ള ഇലക്ട്രോണിക് വസ്തുക്കള്‍, പ്ലാസ്റ്റിക് സാധനങ്ങള്‍, ഹൈഗ്ലോസ് പേപ്പര്‍ എന്നിവ ഉള്‍പ്പെടുന്ന ഇനങ്ങളുടെ 35 ഇനങ്ങളുടെ കസ്റ്റംസ് തീരുവയായിരിക്കും ഉയര്‍ത്തുക. ഇറക്കുമതി കുറയ്ക്കാനും ഈ ഉല്‍പ്പന്നങ്ങളില്‍ ചിലതിന്റെ പ്രാദേശിക ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും ഉദ്യോഗവൃത്തങ്ങള്‍ അറിയിച്ചു.
അവശ്യസാധനങ്ങളുടെ പട്ടിക കൊണ്ടുവരാന്‍ കഴിഞ്ഞ മാസം പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള വാണിജ്യ വ്യവസായ മന്ത്രാലയം വിവിധ മന്ത്രാലയങ്ങളോട് നിര്‍ദേശിച്ചിരുന്നു. 2014ല്‍ ആരംഭിച്ച മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ നിരവധി ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയെ പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.