വരാപ്പുഴയില്‍നിന്നു പോയ ചന്ദ്രനും കുടുംബവും മനുഷ്യക്കടത്തില്‍പ്പെട്ടതായി സംശയമെന്ന് പോലീസ്

1 min read

കൊച്ചി: വരാപ്പുഴയില്‍ നിന്നും നാല് വര്‍ഷം മുമ്പ് കാണാതായ തമിഴ്‌നാട് സ്വദേശി ചന്ദ്രനും കുടുംബവും മനുഷ്യക്കടത്തില്‍പ്പെട്ടതായി പൊലീസ്. മൂന്നുവര്‍ഷം മുമ്പ് മുനമ്പത്ത് നിന്നും പോയ സംഘത്തില്‍ ഇവരും ഉണ്ടായിരുന്നു എന്നാണ് പൊലീസ് സൂചന നല്‍കുന്നത്. ശ്രീലങ്കന്‍ പൗരന്മാര്‍ അടക്കം 240 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. മൂന്നുവര്‍ഷമായിട്ടും ഇവരെപ്പറ്റി കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.

തമിഴ്‌നാട് തിരുവേര്‍ക്കാട് സ്വദേശി ചന്ദ്രനും ഭാര്യ കണ്ണകിയും വസ്ത്രവ്യാപാരത്തിനായാണ് എറണാകുളത്ത് എത്തിയത്. തുടര്‍ന്നാണ് ഇവര്‍ വരാപ്പുഴയില്‍ ഏഴ് സെന്റ് ഭൂമി വാങ്ങി വീടുപണി ആരംഭിക്കുകയും വീടിന്റെ നിര്‍മാണം 80 ശതമാനത്തോളം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ഇവരുടെ ഒരു ഇന്നോവ കാറും വരാപ്പുഴയിലുണ്ട്.

ഇടക്ക് വരാപ്പുഴയിലെത്തി വീടുപണി കാര്യങ്ങള്‍ അന്വേഷിച്ചു വന്നിരുന്ന ഇവരെ 2018 ലെ വെള്ളപ്പൊക്കത്തിന് ശേഷം ഒരു തവണ മാത്രമാണ് നാട്ടുകാര്‍ കണ്ടിട്ടുള്ളത്. പിന്നീട് ഇവരെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് അന്വേഷണത്തിലും ഇവരെ കണ്ടെത്താനായില്ല. ഭൂമി വാങ്ങുന്ന സമയത്ത് നല്‍കിയ വോട്ടര്‍ ഐഡിയുടെ ഫോട്ടോ കോപ്പിയിലെ അഡ്രസ് വെച്ച് നാട്ടുകാര്‍ സ്വന്തം നിലയിലും നേരിട്ട് തമിഴ് നാട്ടിലും പോയി അന്വോഷണം നടത്തിയിരുന്നു. എന്നാല്‍ ഏറെ നാളായി പോലിസ് ഇവരുടെ തിരോധാനത്തില്‍ അന്വോഷണമൊന്നും നടത്താത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നാട്ടുകാര്‍ നേരിട്ടെത്തി പരാതി നല്‍കുകയും പോലീസ് അന്വോഷണം ആരംഭിക്കുകയും ചെയ്തിരിക്കുന്നതും.

ഇതിനിടെ ചന്ദ്രനും കൂടുബവും മനുഷ്യക്കടത്തില്‍പ്പെട്ടതായിട്ടാണ് പൊലീസ് പറയുന്നത്. 2020 ജനുവരി ഒന്നിന് മുനമ്പത്തു നിന്നും മത്സ്യബന്ധന ബോട്ടില്‍ വിദേശത്തേക്ക് കടന്ന സംഘത്തില്‍ 240 പേരടങ്ങുന്ന സംഘത്തില്‍ ചന്ദ്രനും കുടുംബവും ഉണ്ടായിരുന്നതായി എറണാകുളം റൂറല്‍ പൊലീസ് ആണ് സ്ഥിരീകരിച്ചത്. ഇവരുടെ അടുത്തബന്ധുക്കളായ 30 ഓളം പേരും ബോട്ടില്‍ ഉണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. മുനമ്പത്ത് നിന്നും പോയ സംഘത്തെ കണ്ടെത്തുന്നതിനായി ഇന്റര്‍പോളിന്റെ സഹായത്തോടെ, കേന്ദ്രസര്‍ക്കാര്‍ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് രാജ്യങ്ങളുമായി ബന്ധപ്പെട്ടിരുന്നതാണ്. എന്നാല്‍ ഇവര്‍ എത്തിയിരുന്നതായി കേന്ദ്ര ഏജന്‍സികള്‍ക്ക് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.

Related posts:

Leave a Reply

Your email address will not be published.