ഡല്‍ഹിയില്‍ വായുഗുണനിലവാരം മോശമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിച്ച് അധികൃതര്‍
1 min readഡല്‍ഹി: ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരം മോശമാകുന്നു. വായുനിലവാര സൂചിക 399 ആയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അധികൃതര്‍. കെട്ടിട നിര്‍മ്മാണം പോലുള്ള വായു മലിനീകരണമാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളെല്ലാം അധികൃതര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കഴിവതും വര്‍ക്ക് ഫ്രം ഹോമുകളിലേക്ക് മാറാനും നിര്‍ദ്ദേശമുണ്ട്.
ബി.എസ് മൂന്ന് പെട്രോള്‍, ബി.എസ് ഫോര്‍ ഡീസല്‍ വാഹനങ്ങള്‍ എന്നിവയ്ക്കുള്ള നിരോധനം ഏര്‍പ്പെടുത്തണോ എന്നകാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം കൈക്കൊള്ളും. അടുത്തദിവസവും വായുഗുണനിലവാര സൂചിക ഗുരുതര വിഭാഗത്തില്‍ തുടരുമെന്നാണ് കരുതപ്പെടുന്നത്.
മലിനീകരണത്തിന് കാരണമാകാത്ത പ്ലംബിങ്, കാര്‍പെന്ററി, ഇന്റീരിയര്‍ ഡെക്കറേഷന്‍, ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ തുടങ്ങിവയ്ക്ക് നിരോധനമില്ല. കല്‍ക്കരി ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ ജനുവരി ഒന്നുമുതല്‍ അടച്ചിടാന്‍ നിര്‍ദേശമുണ്ട്. നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കും.
ഒക്ടോബറില്‍ വൈക്കോല്‍ കത്തിക്കുന്നതുമൂലം വായു ഗുണനിലവാര സൂചിക ഗുരുതര വിഭാഗത്തില്‍ എത്തിയിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയതീലൂടെ പഞ്ചാബില്‍ 30 ശതമാനവും ഹരിയനയില്‍ 48 ശതമാനവും ഇത് കുറഞ്ഞിരുന്നു.