കൊവിഡ് ഇടവേളയ്ക്ക് ശേഷം കലാ മാമാങ്കത്തെ വരവേല്‍ക്കാനൊരുങ്ങി കോഴിക്കോട്; കലോത്സവം ജനുവരി ആദ്യവാരം
1 min readകോഴിക്കോട്: കൊവിഡ് കാലത്തിന് ശേഷം വീണ്ടുമൊരു കലോത്സവമെത്തുന്നു. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമെത്തുന്ന മേളയ്ക്ക് ഇക്കുറി വേദിയാവുന്നത് കോഴിക്കോടാണ്. ഏഴ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാന സ്കൂള്‍ കലോത്സവം കോഴിക്കോട്ടേക്ക് എത്തുന്നത്.
കുരുന്നുകളുടെ കലാസംഗമത്തിന്റെ പകലിരവുകള്‍ക്കായി കോഴിക്കോട് അന്തിമ ഒരുക്കത്തിലാണ്. ഏഴ് വര്‍ഷത്തിന് ശേഷമാണ് കോഴിക്കോട് കലോത്സവം എത്തുന്നത്. കുട്ടികളുടെ പ്രകടനങ്ങള്‍ കാണാന്‍ പുരുഷാരം തിങ്ങിനിറഞ്ഞ കാഴ്ചയാണ് 2015ലെ കലോത്സവത്തില്‍ കോഴിക്കോട് കണ്ടത്. അന്ന് കോഴിക്കോട് വേദിയാകുന്നത് അപ്രതീക്ഷിതമായിട്ടായിരുന്നു. കൊച്ചി മെട്രോയുടെ നിര്‍മ്മാണജോലികള്‍ നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് വേദി എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് മാറ്റുന്നത്. മലബാര്‍ ക്രിസ്ത്യന്‍ കോളേജായിരുന്നു പ്രധാനവേദി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു ഉദ്ഘാടകന്‍
ഏഴ് ദിവസമായി 14 വേദികളിലായി നടന്ന കലോത്സവം അക്ഷരാര്‍ത്ഥത്തില്‍ ഉത്സവമാക്കി മാറ്റുകയായിരുന്നു കോഴിക്കോട്. എല്ലാ വേദികളിലും ജനസാഗരം. ഇ!ഞ്ചോടിച്ചുള്ള പോരാട്ടത്തില്‍ കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പം. ഉദ്യോഗത്തിനൊടുവില്‍ സമാപന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ നടന് ജയറാം ഇരുജില്ലകളെയും ചാംപ്യമന്‍മാരായി പ്രഖ്യാപിച്ചു.
ഇക്കുറിയും സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ദിവസങ്ങള്‍ മാത്രം ഉള്ളപ്പോള്‍ കോഴിക്കോട്ടെ ഒരുക്കങ്ങള്‍ തകൃതിയാണ്. പതിനാലായിരത്തോളം കലാകാരന്മാരുടെ പ്രകടനങ്ങള്‍ക്ക് ആതിഥ്യമരുളാന്‍ മലബാറിന്റെ മനസൊരുങ്ങി കഴിഞ്ഞു. മുഖ്യവേദിയായ വിക്രം മൈതാനത്ത് പന്തല്‍ ഉയരുകയാണ്. അറുപതിനായിരം ചതുരശ്ര അടി വലിപ്പത്തില്‍, പതിനയ്യായിരം പേര്‍ക്ക് ഇരിപ്പിടമുള്ള കൂറ്റന്‍ പന്തലാണ് വിക്രം മൈതാനിയില്‍ ഉയരുന്നത്.
ഉദ്ഘാടന സമ്മേളനം തൊട്ട് കലോത്സവത്തില്‍ ഉടനീളം പുതുമകള്‍ നിറയ്ക്കാനാണ് ആലോചന. 24 വേദികളിലും മികവുറ്റ സൗകര്യങ്ങള്‍. വേദികള്‍ കണ്ടുപിടിക്കാനും സഹായത്തിനും കോഴിക്കോട് സിറ്റി പൊലീസിന്റെ ക്യൂ ആര് കോഡ്. ഹരിത ചട്ടം നടപ്പാക്കാന്‍ കോര്‍പറേഷനും രംഗത്തുണ്ട്. കലോത്സവത്തിന് രുചിവൈവിധ്യമൊരുക്കാന്‍ പഴയിടത്തിന്റെ പതിവ് സദ്യവട്ടം ഇക്കുറിയുമുണ്ട്. പതിനെട്ടായിരം പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാന്‍ സൗകര്യമുണ്ടാകും.