ചുരത്തിലെ വാഹന നിരോധനം വ്യാഴം രാത്രി മുതല്‍ വെള്ളി പുലര്‍ച്ചെ അഞ്ചുവരെ; ബസ് അടക്കം ഓടില്ല
1 min readതാമരശ്ശേരി: ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ക്ക് വ്യാഴാഴ്ച രാത്രിമുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുവരെ താമരശ്ശേരി ചുരത്തില്‍ നിരോധനം ഏര്‍പ്പെടുത്തും. നഞ്ചന്‍ക്കോട്ടെ നെസ്ലെ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പ്ലാന്റിലേക്കുള്ള കൂറ്റന്‍ യന്ത്രങ്ങളും വഹിച്ചുള്ള രണ്ട് ട്രെയ്ലറുകള് ചുരം കയറുന്നതിനെത്തുടര്ന്നാണ് നിരോധനം. വ്യാഴാഴ്ച രാത്രി എട്ടുമുതല്‍ വയനാട്ടില്‍നിന്നും പതിനൊന്നുമുതല്‍ കോഴിക്കോട് നിന്നും വാഹനങ്ങള്‍ ചുരംവഴി വിടില്ല.
കോഴിക്കോട് ഭാഗത്തുനിന്ന് രാത്രി പതിനൊന്നുമുതല്‍ അടിവാരംലക്കിടി റൂട്ടിലും പത്തുമുതല്‍ ലക്കിടിയില്‍നിന്ന് തിരിച്ചും ബസ് സര്‍വീസ് പാടില്ല. കോഴിക്കോട്ബെംഗളൂരു ബസുകള്‍ കുറ്റ്യാടി നാലാംമൈല്‍, മാനന്തവാടി വഴി പോവണം. സുല്‍ത്താന്‍ബത്തേരി ബസുകള്‍ കുറ്റ്യാടി നാലാംമൈല്‍, കല്പറ്റ വഴിയും സഞ്ചരിക്കണം.
സുല്‍ത്താന്‍ബത്തേരി, മാനന്തവാടി ഭാഗത്തുനിന്ന് കല്പറ്റവൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചരക്കുലോറികളും ഹെവി വാഹനങ്ങളും രാത്രി എട്ടുമുതല്‍ ബീനാച്ചിപനമരം വഴിയോ, മീനങ്ങാടിപച്ചിലക്കാട് വഴിയോ പക്രന്തളം ചുരം വഴിയോ പോകണം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആര്.ടി.സി., സ്വകാര്യ ബസുകള്‍ രാത്രി ഒമ്പതിനുശേഷം കല്പറ്റയില്നിന്ന് പടിഞ്ഞാറത്തറ വഴി പക്രന്തളം ചുരത്തിലൂടെ പോകണം. സുല്‍ത്താന്‍ബത്തേരി, കല്പറ്റ ഭാഗങ്ങളില്‍നിന്ന് തൃശ്ശൂര്‍, മലപ്പുറം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ നാടുകാണിച്ചുരം വഴിയും സഞ്ചരിക്കണം.