മദ്യദുരന്തം; മരിച്ചവര്‍ക്ക് നഷ്ടപരിഹാരമില്ലെന്ന് നിതീഷ് കുമാര്‍ നിയമസഭയില്‍

1 min read

ബീഹാര്‍: വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമസഭയെ അറിയിച്ചു. സരണ്‍ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഇതിനിടെ 53 ആയി ഉയര്‍ന്നു. ഇന്ന് നിയമസഭയെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം തന്റെ അഭിപ്രായം ആവര്‍ത്തിച്ചത്. മദ്യപിച്ച് മരിച്ച ആളുകള്‍ക്ക് നഷ്ടപരിഹാരം നല്‍കില്ല. നിങ്ങള്‍ കുടിച്ചാല്‍ നിങ്ങള്‍ മരിക്കും. മദ്യപാനം നിങ്ങള്‍ക്ക് ഒരു ഗുണവും ചെയ്യില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചത്.

മദ്യം കഴിച്ചാല്‍ തീര്‍ച്ചയായും മരിക്കുമെന്ന് ഇന്നലെ നിതീഷ് കുമാര്‍ പറഞ്ഞത് വിവാദമായതിന് പിന്നാലെയാണ് നിയമസഭയില്‍ അദ്ദേഹം തന്റെ വാദം ആവര്‍ത്തിച്ചത്. ഇതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. മദ്യദുരന്തത്തില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എമാര്‍ ഇന്നലെ നിയമസഭയില്‍ പ്രകടനം നടത്തുകയും ബാനറുകള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച ബിജെപി എംഎല്‍എമാര്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭ ബഹളമുഖരിതമാക്കി.

പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ മറ്റൊരു മദ്യദുരന്തം കൂടി ബീഹാറില്‍ റിപ്പോര്‍ട്ട് ചെയ്തു. ബിഹാറിലെ സിവാനിലാണ് രണ്ടാമത്തെ മദ്യദുരന്തം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ നാല് പേര്‍ ഇതിനകം മരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്ന് ആശങ്കയുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2016 ഏപ്രിലിലാണ് സംസ്ഥാനത്ത് മദ്യവില്‍പ്പനയും ഉപഭോഗവും നിരോധിച്ച് കൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമനിര്‍മ്മാണം നടത്തിയത്. ഇതിനിടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ മദ്യദുരന്തങ്ങളുണ്ടായത് എന്ന ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ പ്രസ്ഥാവനക്കെതിരെയും ബിജെപി രൂക്ഷമായി പ്രതികരിച്ചിരുന്നു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാവശ്യമാണെന്നും നിരോധനം ഉള്ള സമയത്ത് ലഭിക്കുന്ന മദ്യം വ്യാജമദ്യമായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.