കോണ്‍ഗ്രസിന് ശക്തമായ നിലപാടുണ്ട്, നടന്നത് പ്രാഥമിക ചര്‍ച്ച മാത്രം: ജെബി മേത്തര്‍

1 min read

കൊച്ചി: ഏക സിവില്‍ കോഡ് വിഷയത്തില്‍ ഇന്നലെ രാജ്യസഭയില്‍ നടന്നത് സ്വകാര്യ ബില്ലിന് മേലുള്ള പ്രാഥമിക ചര്‍ച്ച മാത്രമെന്ന് കോണ്‍ഗ്രസ് എംപി ജെബി മേത്തര്‍. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ മൂന്ന് എംപിമാരും ശക്തമായ പ്രതികരണമാണ് സഭയില്‍ നടത്തിയത്. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ശക്തമായ നിലപാടുണ്ടെന്നും അവര്‍ പറഞ്ഞു.

ഈ വിഷയം വിവാദമാക്കേണ്ട സാഹചര്യമില്ല. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല എന്ന ആക്ഷേപത്തോട് പ്രതികരിക്കാനില്ല. പങ്കെടുത്തവര്‍ എല്ലാവരും കോണ്‍ഗ്രസിന്റെ നയം വ്യക്തമാക്കിയിട്ടുണ്ട്. താന്‍ രാജ്യസഭയില്‍ ഏറെ ജൂനിയറായ അംഗമാണ്. പിവി അബ്ദുള്‍ വഹാബ് എംപിയുടെ വിമര്‍ശനങ്ങളോട് കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയുമെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം സിവില്‍ കോഡ് സ്വകാര്യ ബില്ലിലെ ചര്‍ച്ചയുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനമല്ലെന്ന് പിവി അബ്ദുള്‍ വഹാബ് ഇന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ ഭാഗത്ത് ഒരാള് പോലും ഉണ്ടായിരുന്നില്ല. ബില്ലിന് അവതരാണാനുമതി തേടിയപ്പോഴും വോട്ടെടുപ്പ് നടക്കുമ്പോഴും ആരുമില്ലായിരുന്നു. ഞാന്‍ പറഞ്ഞതിന് ശേഷമാണ് ജെബി മേത്തറടക്കമുള്ള രണ്ടോ മൂന്നോ കോണ്‍ഗ്രസ് എംപിമാര്‍ ഓടിവന്നത്. ഇത് താന്‍ പറഞ്ഞത് കൊണ്ടാണോയെന്ന് അറിയില്ല,’ അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസ് എംപിമാര്‍ സഭയില്‍ ഇല്ലെന്ന് പറഞ്ഞത് ആ വിഷയം ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചാണ്. അത് പരസ്യ വിമര്‍ശനമല്ല. എല്ലാ മതസാമുദായിക വിഭാഗങ്ങളുടെയും സുഹൃത്താണ് കോണ്‍ഗ്രസ് എന്നാണ് നമ്മള്‍ കരുതുന്നതും അവകാശപ്പെടുന്നതും. കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവരാണ് മൃദുഹിന്ദുത്വമെന്ന ആരോപണം ഉന്നയിക്കുന്നത്.’

കോണ്‍ഗ്രസിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായിട്ടുണ്ടെന്ന് അബ്ദുള്‍ വഹാബ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് രാജ്യസഭയില്‍ എല്ലാ സ്വകാര്യ ബില്ലുകളും ചര്‍ച്ചയ്ക്ക് വരാറുള്ളത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള വിമാനത്തിലാണ് എല്ലാ എംപിമാരും നാട്ടിലേക്ക് പോകാറുള്ളത്. ഏകീകൃത സിവില്‍ കോഡില്‍ ഈ സ്വകാര്യ ബില്ല് ചര്‍ച്ചയ്ക്ക് വരുന്നത് ആരും ശ്രദ്ധിച്ചുകാണില്ലെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

Related posts:

Leave a Reply

Your email address will not be published.