ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവ് ആംബുലന്‍സ് ജീവനക്കാരെ ആക്രമിച്ചു
1 min readതിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്ക് പറ്റിയ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ വന്ന 108 ആംബുലന്‍സ് ജീവനക്കാര്‍ക്ക് നേരെ ആക്രമണം. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കും നേഴ്‌സിനും പരിക്ക്. വ്യാഴാഴ്ച ഉച്ചയോടെയാണ് വെങ്ങാനൂര്‍ പനങ്ങോട് റോഡിലാണ് സംഭവം. അമിതവേഗത്തില്‍ വന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്ക്, വെങ്ങാനൂര്‍ പനങ്ങോട് റോഡിന് സമീപത്തെ ഓടയിലേക്ക് മറിഞ്ഞു. സംഭവത്തില്‍ ബാലരാമപുരം എരുത്താവൂര്‍ സ്വദേശികളായ തൗഫീഖ് (22) ശ്രീനന്ദന്‍ (19) എന്നിവര്‍ക്ക് പരിക്കുപറ്റി. സംഭവ സമയം തൗഫീഖിക്കാണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
അപകടം കണ്ടുനിന്ന നാട്ടുകാര്‍ ഉടന്‍ തന്നെ 108 ആംബുലന്‍സിന്റെ സേവനം തേടി. തുടര്‍ന്ന് നേമം താലൂക്ക് ആശുപത്രിയിലെ 108 ആംബുലന്‍സ് സ്ഥലത്തെത്തി. എന്നാല്‍, ആംബുലന്‍സില്‍ നിന്നും ജീവനക്കാര്‍ പുറത്തിറങ്ങാന്‍ ശ്രമിക്കവേ അപകട ശേഷം അക്രമാസക്തനായ തൗഫീഖ് വാഹനത്തിന്റെ ഡോര്‍ പിടിച്ചടക്കുകയും ജീവനക്കാര്‍ക്ക് നേരെ അസഭ്യം വിളിക്കുകയും ചെയ്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിനിടെ അപകടത്തില്‍ പരിക്കുപറ്റി ഓടയില്‍ കിടന്ന ശ്രീനന്ദനെ ആംബുലന്‍സ് ജീവനക്കാര്‍ പ്രഥമ ശുശ്രൂഷ നല്‍കി ആംബുലന്‍സിലേക്ക് മാറ്റി. എന്നാല്‍, ഈ സമയം ആംബുലന്‍സിനുള്ളില്‍ കയറിയ തൗഫീഖ് പരിക്ക് പറ്റിയ ശ്രീനന്ദനെ മര്‍ദ്ദിക്കുകയും ഇത് തടയാന്‍ ശ്രമിച്ച 108 ആംബുലന്‍സിലെ നേഴ്‌സ് വിഷ്ണുവിനെയും ആക്രമിക്കുകയായിരുന്നെന്ന് 108 ആംബുലന്‍സ് ജീവനക്കാര്‍ പറയുന്നു. തൗഫീഖ് കൈയിലുണ്ടായിരുന്ന ഹെല്‍മറ്റ് ആംബുലന്‍സിനുള്ളിലേക്ക് വലിച്ചെറിഞ്ഞു. ഇത് തടയാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ രാഹുലിനെ ആംബുലന്‍സിലെ ഡോറില്‍ നിന്നും പൊട്ടിച്ചെടുത്ത കമ്പി കൊണ്ട് ആക്രമിച്ചു.
തുടര്‍ന്ന് ചുറ്റും കൂടിയ നാട്ടുകാര്‍ക്ക് നേരെ അസഭ്യം വിളിച്ച് ആക്രമണം നടത്താന്‍ തൗഫീഖ് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടയുകയും തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെയും തൗഫീഖ് അസഭ്യം വിളി തുടര്‍ന്നു. പൊലീസ് അകമ്പടിയില്‍ തൗഫീഖിനെയും ശ്രീനന്ദനെയും 108 ആംബുലന്‍സില്‍ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഇവിടെയും അക്രമാസക്തനായ തൗഫീഖ്, ഡോക്ടറെ അസഭ്യം വിളിക്കുകയും ആംബുലന്‍സ് ജീവനക്കാരെയും ആശുപത്രി ജീവനക്കാരെയും ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരമറിയിച്ചത് അനുസരിച്ച് കോവളം പൊലീസ് സ്ഥലത്തെത്തി തൗഫീഖിനെ കസ്റ്റഡിയില്‍ എടുത്തു. തൗഫീഖിന്റെ ആക്രമണത്തില്‍ പരിക്കുപറ്റിയ 108 ആംബുലന്‍സ് ജീവനക്കാര്‍ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. സംഭവത്തില്‍ ഇവര്‍ വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കി. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് ഡോക്ടര്‍ സോണിയ നല്‍കിയ പരാതിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന വകുപ്പുകള്‍ ഉള്‍പ്പടെ ചുമത്തിയ കോവളം പൊലീസ്, തൗഫീഖിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന് കോവളം പൊലീസ് പറഞ്ഞു.