വിഴിഞ്ഞം പദ്ധതി പിണറായി സര്‍ക്കാര്‍ വൈകിപ്പിച്ചെന്ന് ചെന്നിത്തല
1 min readതിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി പിണറായി വിജയന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2019 ല്‍ തീരേണ്ട പദ്ധതി 2023 ആയിട്ടും തീരാത്തതിന് കാരണം ഈ സര്‍ക്കാരാണ്. ഏഴ് വര്‍ഷമായി പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. 7000 കോടിയുടെ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതിയെന്ന് ആക്ഷേപിച്ചത് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്.
എംവി രാഘവനാണ് 1992 ല്‍ തുറമുഖ മന്ത്രിയായിരിക്കെ ഈ പദ്ധതി തുടങ്ങിയത്. മൂന്ന് തവണ ടെണ്ടര്‍ ചെയ്തിട്ടും ആരും വന്നില്ല. പിന്നീട് വന്നത് ചൈനീസ് കമ്പനിയാണ്. കേന്ദ്രസര്‍ക്കാര്‍ സുരക്ഷാ കാരണങ്ങളാല്‍ അനുമതി നിഷേധിച്ചു. അവസാനമാണ് അദാനിയുമായി കരാര്‍ ഒപ്പിട്ടത്. ആ കാര്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അഭിനന്ദിക്കണം. എന്നാല്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ എല്‍ഡിഎഫ് പങ്കെടുത്തില്ല. പദ്ധതിയെ എതിര്‍ത്ത് അന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയിറക്കി.
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ ജുഡീഷ്യല്‍ അന്വേഷണം വെച്ചു. ജസ്റ്റിസ് രാമചന്ദ്രന്‍ നായരുടെ ജുഡീഷ്യല്‍ അന്വേഷണത്തില്‍ ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ചിറ്റുണ്ട്. ആ റിപ്പോര്‍ട്ട് ഈ സഭയുടെ മേശപ്പുറത്തുണ്ട്. പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ കെ കരുണാകരന്‍ കൊച്ചിയില്‍ വിമാനത്താവളം കൊണ്ടുവന്നപ്പോള്‍ എന്റെ മൃതദേഹത്തിന് മുകളില്‍ എന്ന് പറഞ്ഞ് എതിര്‍ത്തത് സിപിഎംകാരായിരുന്നു, എസ് ശര്‍മ്മയായിരുന്നു. അദ്ദേഹം തന്നെ പിന്നീട് ആ കമ്പനിയുടെ ചെയര്‍മാനായി. നിങ്ങളുടെ ചരിത്രം എന്നെക്കൊണ്ട് അധികം പറയിപ്പിക്കരുത്.
വിഴിഞ്ഞത്ത് 475 കോടിയുടെ പാക്കേജ് എന്തുകൊണ്ട് നടപ്പാക്കിയില്ലെന്ന് ചെന്നിത്തല ചോദിച്ചു. ഏഴ് വര്‍ഷമായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. വിഴിഞ്ഞം സമരത്തിന് പിന്നില്‍ തീവ്രവാദികളുണ്ടോ എന്ന് മുഖ്യമന്ത്രി പറയണം. ആന്റണി രാജുവിന്റെ സഹോദരന്‍ വിജയന്‍ തീവ്രവാദി ആണോ? മന്ത്രി അബ്ദു റഹ്മാന്‍ തികഞ്ഞ മതേതര വാദിയാണ്. അക്രമത്തോട് യോജിപ്പില്ല. അക്രമം ആര് നടത്തിയാലും യോജിപ്പില്ല. എന്നാല്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. അങ്ങേക്ക് എന്ത് പറ്റി? സമരക്കാരുമായി സംസാരിക്കാത്തത് ലജ്ജാകരമാണ്. വിഴിഞ്ഞം പദ്ധതി നിര്‍ത്തണമെന്ന അഭിപ്രായമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.