എയിംസില്‍ 2 സിസ്റ്റം അനലിസ്റ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍,ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം ചേര്‍ന്നു

1 min read

എയിംസ് സര്‍വര്‍ ഹാക്കിങ്ങുമായി ബന്ധപ്പെട്ട് സിസ്റ്റം അനലിസ്റ്റുമാരായ രണ്ടുപേ!ര്‍ക്ക് സസ്‌പെന്‍ഷന്‍. സംഭവ ദിവസം വിളിച്ച അടിയന്തര യോഗത്തില്‍ പങ്കെടുക്കാത്തതിലും, ഫോണ്‍ കോളുകളോട് പ്രതികരിക്കാത്തതിലുമാണ് നടപടി.ഇതിനിടെ ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം ചേര്‍ന്നു. അന്വേഷണ പുരോഗതി വിലയിരുത്തി . എന്‍ഐഎ, ഐ ബി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയുടെ സര്‍വറുകള്‍ ഹാക്ക് ചെയ്തിട്ട് ഒരാഴ്ചയായപ്പോഴാണ് ദേശീയ ഏജന്‍സികള്‍ ഇതേക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്. സെര്‍വര്‍ ഹാക്ക് ചെയ്യപ്പെട്ടതോടെ നാല് കോടിയിലേറെ വരുന്ന രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നേക്കാമെന്ന് പ്രാഥമിക നിഗമനം. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ , മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയടക്കം വിവിഐപികളുടെ ചികിത്സാ വിവരങ്ങള്‍ എയിംസിലുണ്ട്. വാക്‌സീന്‍ പരീക്ഷണത്തിന്റെ നിര്‍ണ്ണായക വിവരങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

സെര്‍വര്‍ തകരാര്‍ എന്നാണ് ആദ്യം എയിംസ് അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും സംഭവത്തിന്റെ ഗൗരവം കൂടുതല്‍ ബോധ്യമായതോടെ കഴിഞ്ഞ വെള്ളിയാഴ്ച ദില്ലി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ തീവ്രവാദം തന്നെ നടന്നിരിക്കാമെന്ന നിഗമനത്തില്‍ കൂടുതല്‍ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം ഏല്‍പിക്കുകയായിരുന്നു.

സംഭവം കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ആയുധമാക്കി.രാജ്യത്തെ സുപ്രധാന ആശുപത്രിയുടെ സര്‍വര്‍ ഒരാഴ്ചയായിട്ടും പുനസ്ഥാപിക്കാനായിട്ടില്ലെങ്കില്‍ എന്ത് ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ചാണ് കേന്ദ്രസര്‍ക്കാര്‍ സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി എംപി ചോദിച്ചു

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റററും, ദ ഇന്ത്യ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമും അന്വേഷണം നടത്തുന്നുണ്ട്. ഹാക്ക് ചെയ്യപ്പെട്ടതിനാല്‍ പകുതിയിലേറെ വിവരങ്ങള്‍ നഷ്ടപ്പെടാമെന്ന് സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ ഹാക്ക് ചെയ്ത സംഘം 200 കോടി രൂപയുടെ ക്രിപ്‌റ്റോ കറന്‍സി ആവശ്യപ്പെട്ടെന്ന പ്രചാരണം ദില്ലി പോലീസ് തള്ളി. സര്‍വറുകള്‍ ഘട്ടം ഘട്ടമായി പുനസ്ഥാപിച്ച് വരികയാണെന്നാണ് എയിംസ് അധികൃതരുടെ പ്രതികരണം.

Related posts:

Leave a Reply

Your email address will not be published.