ഓവര്‍ടേക്കിനെച്ചൊല്ലി തര്‍ക്കം; ബൈക്ക് യാത്രികനെ ക്രൂരമായി മര്‍ദ്ദിച്ച് ബസ് ഡ്രൈവര്‍ വീഡിയോ
1 min read
ബെംഗളൂരു: ഓവര്‍ടേക്കിങ്ങിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ ബൈക്ക് യാത്രികന് ബസ് ഡ്രൈവറുടെ ക്രൂരമര്‍ദ്ദനം. ബെം?ഗളൂരു യെലഹങ്കയിലാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയോടെ ബിഎംടിസി മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ ബൈക്ക് യാത്രികനുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് ബൈക്ക് യാത്രികന്‍ അശ്ലീല ആംഗ്യം കാണിച്ചെന്ന് ആരോപിച്ച് ഡ്രൈവര്‍ ആനന്ദ ബൈക്ക് യാത്രികനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ബൈക്ക് യാത്രികനായ സന്ദീപ് ബോണിഫസ് (44) എന്നയാള്‍ക്ക് മര്‍ദനത്തില്‍ പരിക്കേറ്റു. സംഭവ സമയം സന്ദീപിന്റെ ഭാര്യയും കൂടെയുണ്ടായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തതായി ബിഎംടിസി അറിയിച്ചു.
ബിഎംടിസി ബസിനുള്ളില്‍ വെച്ചാണ് ബസ് ഡ്രൈവര്‍ ബൈക്ക് യാത്രികനെ മര്‍ദിച്ചത്. യെലഹങ്ക ന്യൂ ടൗണിലെ പുട്ടെനഹള്ളിയില്‍ കാന്തി സ്വീറ്റ്‌സിന് സമീപമായിരുന്നു സംഭവം. സംഭവത്തിന് ശേഷം ബോണിഫസ് യെലഹങ്ക ന്യൂ ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. കുറ്റാരോപിതനായ ബസ് ഡ്രൈവര്‍ ആനന്ദ പിബിയും പൊലീസില്‍ പരാതി നല്‍കി. തന്റെ മുന്നിലും പിന്നിലുമായി രണ്ട് ബിഎംടിസി ബസുകള്‍ മത്സരയോട്ടം നടത്തുകയായിരുന്നുവെന്നും പുത്തേനഹള്ളിയില്‍ വച്ച് മുന്നോട്ട് പോകാന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചപ്പോള്‍ പ്രകോപനപരമായി തോന്നിയ ബസ് ഡ്രൈവര്‍ ബസില്‍ നിന്ന് ഇറങ്ങി മര്‍ദ്ദിക്കുകയായിരുന്നു.
തുടര്‍ന്ന് ഡ്രൈവര്‍ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത് ബസില്‍ കയറി. താക്കോല്‍ തിരികെ വാങ്ങാന്‍ സന്ദീപ് ബസില്‍ കയറിയപ്പോള്‍ വാതിലടച്ച് ഡ്രൈവര്‍ വീണ്ടും മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്തു. പിന്നീട് സന്ദീപുമായി പുത്തേനഹള്ളി ഡിപ്പോയിലേക്ക് ബസോടിച്ചു. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ബൈക്ക് യാത്രികന്‍ ആശുപത്രിയിലെത്തിയത്. സംഭവം വിവാദമായതോടെ അധികൃതര്‍ രംഗത്തെത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ആരോപണവിധേയനായ ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്‌തെന്നും ബിഎംടിസി അധികൃതര്‍ അറിയിച്ചു.