മേഘാലയയിലെ ഏഴുജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി; സോഷ്യല്‍ മീഡിയകള്‍ക്ക് നിരോധനവും ഏര്‍പ്പെടുത്തി

1 min read

ഷില്ലോങ്: സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി മേഘാലയ സര്‍ക്കാര്‍. അസം മേഘാലയ അതിര്‍ത്തിയിലെ മുക്രോയില്‍ വെടിവെയ്പ്പ്. ആറു പേര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. അനധികൃതമായി മരം മുറിച്ച് കടത്തുന്നത് വനം വകുപ്പ് തടഞ്ഞപ്പോഴാണ് സംഘര്‍ഷം ഉണ്ടായതെന്നാണ് മേഖലയില്‍ നിന്നുള്ള വിവരം. മുറിച്ച മരവുമായി ഒരു ട്രക്ക് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അസം വനം വകുപ്പാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.

മരവുമായി പോയ ട്രക്ക് അസം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടും നിര്‍ത്താതെ മുന്നോട്ട് പോയി. ഈ സമയത്ത് വാഹനത്തിന്റെ ടയറിന് ഉദ്യോഗസ്ഥര്‍ വെടിവെച്ചു. തുടര്‍ന്ന് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ചിലര്‍ ഓടി രക്ഷപ്പെട്ടു. അഞ്ച് മണിയോടെ ഒരു വലിയ ആള്‍ക്കൂട്ടം സംഘടിച്ച് സ്ഥലത്തെത്തി. ഇവര്‍ മേഘാലയയില്‍ നിന്നുള്ളവരായിരുന്നു. പിടികൂടിയവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ അസം ഉദ്യോഗസ്ഥരെ തടഞ്ഞു. വീണ്ടും വെടിവെയ്പ്പും സംഘര്‍ഷവും ഉണ്ടായി. ഇതിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥനടക്കം ആറു പേര്‍ കൊല്ലപ്പെട്ടത്.

വിവരമറിഞ്ഞ് കൂടുതല്‍ പൊലീസ് സേന സ്ഥലത്തെത്തി. സ്ഥിതിഗതി ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്. ബിദ്യാസിങ് ലഖ്‌തെ എന്നാണ് കൊല്ലപ്പെട്ട അസം വനം വകുപ്പ് ഹോം ഗാര്‍ഡിന്റെ പേര്. ഇദ്ദേഹം കൊല്ലപ്പെട്ടത് എങ്ങിനെയെന്ന് വ്യക്തമല്ല.

കൊല്ലപ്പെട്ട മറ്റ് മൂന്ന് പേരും പ്രദേശത്തെ ഖാസി സമുദായ അംഗങ്ങളാണെന്നാണ് പുറത്ത് വരുന്ന വിവരം. ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്. വനമേഖലയ്ക്ക് അകത്തുള്ള ഒരിടത്ത് വെച്ചാണ് സംഭവം നടന്നത്.

തുടര്‍ന്നാണ് മേഘാലയ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്: ‘ ഷില്ലോങ്ങിലെ പൊലീസ് ആസ്ഥാനത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം മുക്രോ, വെസ്റ്റ് ജയന്തിയാ ഹില്‍സ്, ജോവായ് എന്നിവിടങ്ങളില്‍ പൊതു സമാധാനവും സമാധാനവും തകര്‍ക്കാന്‍ സാധ്യതയുള്ള ഒരു അനിഷ്ട സംഭവമുണ്ടായി. ഇതിനാല്‍ വെസ്റ്റ് ജയന്തിയാ ഹില്‍സ്, ഈസ്റ്റ് ജയന്തിയാ ഹില്‍സ്, ഈസ്റ്റ് ഖാസി ഹില്‍സ്, റിബോയ്, ഈസ്റ്റേണ്‍ വെസ്റ്റ് ഖാസി ഹില്‍സ്, വെസ്റ്റ് ഖാസി ഹില്‍സ്, സൗത്ത് വെസ്റ്റ് ഖാസി ഹില്‍സ് എന്നിവിടങ്ങളില്‍ പൊതു സുരക്ഷയ്ക്ക് ഭീഷണിയും ക്രമസമാധാന തകര്‍ച്ചയും ഉണ്ടായേക്കാം എന്ന് സംശയിക്കപ്പെടുന്നു.

മേഘാലയ സംസ്ഥാനത്ത് സമാധാനവും സമാധാനവും തകര്‍ക്കുന്നതിനും ക്രമസമാധാനപാലനത്തിനുമായി മാധ്യമങ്ങള്‍ വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്,ട്വിറ്റര്‍, യൂട്യൂബ് മുതലായ സോഷ്യല്‍ മീഡിയകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനുമാണ് മേഘാലയയിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ പേരില്‍ പുറത്തിറങ്ങിയ ഉത്തരവ് പറയുന്നത്.

മേഘാലയയിലെ വെസ്റ്റ് ജയന്തിയാ ഹില്‍സ്, ഈസ്റ്റ് ജയന്തിയാ ഹില്‍സ്, ഈസ്റ്റ് ഖാസി ഹില്‍സ്, റിബോയ്, ഈസ്റ്റേണ്‍ വെസ്റ്റ് ഖാസി ഹില്‍സ്, വെസ്റ്റ് ഖാസി ഹില്‍സ്, സൗത്ത് വെസ്റ്റ് ഖാസി ഹില്‍സ് എന്നീ ജില്ലകളില്‍ ടെലികോം, സോഷ്യല്‍ മീഡിയ സേവനങ്ങള്‍ നിര്‍ത്തി. പ്രഖ്യാപനം ലംഘിക്കുന്നവര്‍ക്ക് ഇന്ത്യന്‍ പീനല്‍ കോഡിന്റെ (ഐപിസി) സെക്ഷന്‍ 188 പ്രകാരവും ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട്, 1885 ന്റെ അനുബന്ധ വ്യവസ്ഥകള്‍ പ്രകാരവും പിഴ ചുമത്തുമെന്ന് ഉത്തരവില്‍ പറയുന്നു.

Related posts:

Leave a Reply

Your email address will not be published.