തരൂര്‍ സംസ്ഥാന നേതാവ്, മണ്ഡലത്തിലൊതുങ്ങുന്നില്ല

1 min read

മലപ്പുറം : പാണക്കാട് കുടുംബവുമായി അടുത്ത ബന്ധം ഉള്ള നേതാവാണ് ശശി തരൂര്‍ എന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. ആ ബന്ധത്തിന്റെ തുടര്‍ച്ചയായാണ് പാണക്കാട് സന്ദര്‍ശനം. ഇപ്പോള്‍ തന്നെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാണ് തരൂര്‍. അദ്ദേഹം മണ്ഡലത്തിലൊതുങ്ങുന്ന നേതാവാല്ലെന്നും സംസ്ഥാന നേതാവാണെന്നും തരൂരിന് കേരളത്തിലെങ്ങും പ്രസക്തിയുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

അതേസമയം മറ്റ് പാര്‍ട്ടികളുടെ ആഭ്യന്തര കാര്യം ലീഗ് സംസാരിക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഇന്നും ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് സംഘടന കാര്യം സംസാരിച്ചിട്ടില്ല. തരൂരിന്റെ മലബാര്‍ സന്ദര്‍ശനം മുന്നണിക്ക് ഗുണകരമായോ എന്ന് ഞങ്ങള്‍ അല്ല വിലയിരുത്തേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം കോണ്‍ഗ്രസില്‍ ഇനി ഒരു ഗ്രൂപ്പുണ്ടാക്കാന്‍ തനിക്ക് ഒരു ലക്ഷ്യവുമില്ലെന്നാണ് ശശി തരൂരിന്റെ പ്രതികരണം. അതിന് താല്‍പര്യവുമില്ലെന്നും എ,ഐ ഗ്രൂപ്പുകള്‍ ഉള്ള പാര്‍ട്ടിയില്‍ ഇനി ഒരു അക്ഷരം വേണമെങ്കില്‍ അത് യു ആണെന്നും യുണൈറ്റഡ് കോണ്‍ഗ്രസ് ആണെന്നും തരൂര്‍ പറഞ്ഞു. പാര്‍ട്ടിയെ ഒരുമിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഒരു വിഭാഗീയ പ്രവര്‍ത്തനത്തിനും താനില്ലെന്നും തരൂര്‍ പറഞ്ഞു.

പാണക്കാട്ടെ തന്റെ സന്ദര്‍ശനത്തില്‍ ഒരു അസാധാരണത്വവും ഇല്ല. മലപ്പുറത്ത് എത്തുമ്പോഴെല്ലാം ഇവിടെ എത്താറുണ്ട് . പൊതു രാഷ്ട്രീയ കാര്യങ്ങള്‍ ലീഗുമായി ചര്‍ച്ച ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യങ്ങള്‍ ചര്‍ച്ച ആയില്ലെന്നും തരൂര്‍ പറഞ്ഞു. പാണക്കാട് സന്ദര്‍ശനത്തിന് ശേഷം തരൂര്‍ മലപ്പുറം ഡിസിസിയിലും എത്തും.10 മണിക്ക് പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമിയില്‍ വിദ്യാര്‍ഥികളോട് സംവദിച്ച ശേഷം തരൂര്‍ കോഴിക്കോട്ടേക്ക് മടങ്ങും.

Related posts:

Leave a Reply

Your email address will not be published.