അമിത വേഗത, നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ക്ക് ദാരുണാന്ത്യം
1 min readസമൂഹമാധ്യമങ്ങളിലെ ഇന്‍ഫ്‌ലുവന്‍സറായ 25കാരന് കാര്‍ അപകടത്തില്‍ ദാരുണാന്ത്യം. സമൂഹമാധ്യമങ്ങളിലെ താരമായ രോഹിത് ഭാട്ടിയാണ് തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. റൗഡി ഭാട്ടി എന്നപേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രശസ്തനായിരുന്നു അമിത വേഗത്തില്‍ സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് കൊല്ലപ്പെട്ടത്. ഗ്രേറ്റര്‍ നോയിഡയിലാണ് അപകടമുണ്ടായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ ദില്ലിയിലും ഗ്രേറ്റര്‍ നോയിഡയിലേയും ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ചുഹാദ്പൂര്‍ അണ്ടര്‍ പാസിന് സമീപത്ത് വച്ചാണ് ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അമിത വേഗതയിലായിരുന്ന വാഹനം നിയന്ത്രണം നഷ്ടമായി മരത്തിലിടിക്കുകയായിരുന്നു. ഗ്രേറ്റര്‍ നോയിഡയിലെ ഛി സെക്ടറില്‍ താമസിക്കുന്ന രോഹിത് ഭാട്ടി ബുലന്ദ്‌ഷെഹര്‍ സ്വദേശിയാണ്. ഗുജ്ജര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നയാളാണ് രോഹിത്.
ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും നിരവധിപ്പേരാണ് രോഹിതിനെ പിന്തുടരുന്നത്. വാഹനം ഓടിച്ചിരുന്നത് രോഹിത് ആണെന്നാണ് പൊലീസ് വിശദമാക്കുന്നത്. മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മനോജ്, അതീഷ് എന്നിവരുടെ പരിക്ക് സാരമുള്ളതെന്നാണ് വിവരം.
ഇന്നലെ പൂനെ ബംഗളുരു എക്‌സ്പ്രസ് ഹൈവേയിലുണ്ടായ അപകടത്തില്‍ 48 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. പൂനെയിലെ നവാലെ പാലത്തിലാണ് അപകടമുണ്ടായത്. ടാങ്കര്‍ ലോറി വാഹനങ്ങളില്‍ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ബ്രേക്കിനുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ട ഗോവയിലെ മപൂസയില്‍ ബൈക്ക് റേസിനിടെയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. അഫ്താബ് ഷെയ്ക് എന്ന ബൈക്ക് റേസറാണ് മരിച്ചത്. നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കില്‍ മറ്റ് ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരുപത് വയസ് പ്രായമുള്ള ബൈക്ക് റേസറാണ് അഫ്താബ്. ക്ലാസ് 4 വിഭാഗത്തിലായിരുന്നു അഫ്താബ് മത്സരിച്ചിരുന്നത്.മോഗ്രിപ് നാഷണല്‍ സൂപ്പര്‍ക്രോസ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായാണ് റേസ് സംഘടിപ്പിച്ചത്. ട്രാക്കില്‍ ബാലന്‍സ് നഷ്ടമായി വീണ അഫ്താബിന്റെ കഴുത്തിനും നെഞ്ചിനുമാണ് പരിക്കേറ്റത്