പെണ്‍കുട്ടിയെ 16 കാരന്‍ ബലാത്സംഗം ചെയ്ത് കൊന്നു, പ്രതി സെക്‌സ് വീഡിയോയ്ക്ക് അടിമ
1 min readകലബുറഗി : 14 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി അറസ്റ്റില്‍. പ്രതി സെക്‌സ് വീഡിയോക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. കലബുറഗി ജില്ലയിലെ അലന്ദ താലൂക്കിലെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന 14 വയസുകാരിയെ ചൊവ്വാഴ്ച വൈകുന്നേരം കരിമ്പിന്‍ തോട്ടത്തില്‍ വച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. സെക്‌സ് വീഡിയോകള്‍ക്ക് അടിമയായ 16 വയസ്സുള്ള ഐടിഐ വിദ്യാര്‍ത്ഥിയെയും അതേ ഗ്രാമത്തിലെ മറ്റൊരു താമസക്കാരനെയും പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു.
അതേസമയം പെണ്‍കുട്ടിയുടെ കൊലപാതകത്തിന് ഉത്തരവാദികളായ പ്രതികള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ ആളുകള്‍ പ്രതിഷേധിച്ചു. അഫ്‌സല്‍പൂര്‍ സ്വദേശിയായ പെണ്‍കുട്ടി പഠനത്തിനായി ബന്ധുവിനൊപ്പമാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി താമസിക്കുന്നത്. ദീപാവലി അവധിക്കാലം നാട്ടില്‍ ചിലവഴിച്ച ശേഷം ഗ്രാമത്തില്‍ തിരിച്ചെത്തിയതായിരുന്നു പെണ്‍കുട്ടി. ശൌചാലയത്തില്‍ പോകുന്നതിനായി ഇറങ്ങിയ പെണ്‍കുട്ടി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മടങ്ങി വരാത്തത് കണ്ട് പരിഭ്രാന്തരായ ബന്ധുക്കള്‍ പരിസരത്ത് തിരച്ചില്‍ നടത്തിയപ്പോഴാണ് കരിമ്പിന്‍ തോട്ടത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്.
ഈ പ്രദേശങ്ങളിലെ പല ഗ്രാമീണ വീടുകളിലും ശൌചാലയം ഇല്ലാത്തതിനാല്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ രാത്രികളില്‍ പുറത്തിറങ്ങുന്ന സ്ത്രീകള്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് ഇരയാകുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. പൊലീസ് സൂപ്രണ്ട് ഇഷ പന്ത്, അഡീഷണല്‍ പൊലീസ് സൂപ്രണ്ട് പ്രസന്ന ദേശായി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവം മാധ്യമങ്ങളളോട് വിശദീകരിക്കുമ്പോള്‍ പൊലീസ് സൂപ്രണ്ട് പോലും വികാരാധീനനായി.