ആളെ കൊല്ലുന്ന വണ്ടികള്‍ ഇനി പൊളിക്കും. ആദ്യം മുഹമ്മദ് നിഷാമിന്റെ ഹമ്മര്‍
1 min readഅമേരിക്കന്‍ പട്ടാളക്കാര്‍ ഉപയോഗിക്കുന്ന വാഹനം മോഹിച്ച് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്തു. മഞ്ഞിലും മഴയത്തും മലമുകളിലൂടെ ഇഷ്ടാനുസരണം ഓടിക്കാം. സുരക്ഷിതമായ വാഹനം. ഏതെങ്കിലും വാഹനം വന്നിടിച്ചാലും യാത്രക്കാര്‍ക്ക് ഒന്നും സംഭവിക്കില്ല. അത്രയും പവര്‍ഫുള്‍ വാഹനം. കേരളത്തില്‍ തന്നെ അപൂര്‍വം ചിലര്‍ക്കു മാത്രമേ ഈ വാഹനം സ്വന്തമായുള്ളു അതിലൊന്ന് നിഷാമിനായിരുന്നു.
ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനെ കാറിടിച്ച് കൊന്ന കേസിലാണ് നിഷാം പിടിയിലായത്. അന്നുതന്നെ വണ്ടിയും പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. അതിനു ശേഷം ഇത്രയും കാലം വാഹനം പേരാമംഗലം സ്റ്റേഷന് വളപ്പില്‍ മഴയും വെയിലും കൊണ്ട് കിയന്നു. കൊലക്കേസുകളിലെ പ്രതികള്‍ ഉപയോഗിച്ച വാഹനത്തിന്റെ ആര്‍സി റജിസ്ട്രേഷന് റദ്ദാക്കാനും വണ്ടി പൊളിക്കാനുമാണ് മോട്ടോര്‍ വാഹന വകുപ്പ് ആലോചിക്കുന്നത്.
ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായി എഡിജിപി. എസ്.ശ്രീജിത് ചുമതലയേറ്റ ശേഷമാണ് ഇത്തരമൊരു ആലോചന വന്നത്. കൊലക്കേസുകളില്‍ ഉള്‍പ്പെട്ട ഇത്തരം വാഹനങ്ങളുടെ പട്ടിക മോട്ടോര്‍ വാഹന വകുപ്പ് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, ആര്‍സി റദ്ദാക്കി വണ്ടി പൊളിക്കാന്‍ ഇപ്പോഴത്തെ നിയമപ്രകാരം സാധിക്കില്ല. നിയമനിര്‍മാണം വേണ്ടി വരും. അതിനുള്ള ശ്രമങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങി.