ഫുട്ബോൾ താരങ്ങൾക്ക് ബിരിയാണി വാങ്ങാൻ 43 ലക്ഷം
1 min readശ്രീനഗര്‍:ഫുട്ബോളിന്റെ വളര്‍ച്ചയ്ക്കായി ലഭിച്ച ലക്ഷക്കണക്കിന് രൂപ ‘ബിരിയാണി വാങ്ങാന്‍’ ഉപയോഗിച്ച് ജമ്മുകാശ്മീര്‍ ഫുട്ബോള്‍ അസോസിയേഷന്. ആരാധകരുടെ പരാതിയില്‍ അഴിമതുടങ്ങിയതായാണ് കശ്മീരിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്കായി ജമ്മു കശ്മീര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ നല്കിയ തുകയാണ് ഉദ്യോഗസ്ഥര്‍ തിരിമറി നടത്തിയത് ജെകെഎഫ്എ പ്രസിഡന്റ് സമീര്‍ താക്കൂര്‍, ട്രഷറര്‍ സുരിന്ദര്‍ സിങ് ബണ്ടി, ചീഫ് എക്സിക്യൂട്ടിവ് എസ്.എ. ഹമീദ്, ജെകെഎഫ്എ അംഗം ഫയാസ് അഹമ്മദ് എന്നിവര്‍ക്കെതിരെ കേസെടുത്തു. കൃത്രിമമായി ഉണ്ടാക്കിയ ബില്ലുകള്‍ ഉപയോഗിച്ച് പണം തട്ടിയെടുത്തെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഖേലോ ഇന്ത്യ, മുഫ്തി മെമ്മോറിയല്‍ ഗോള്‍ഡ് കപ്പ് തുടങ്ങിയ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാനാണു ലക്ഷക്കണക്കിനു രൂപ ഫുട്ബോള്‍ അസോസിയേഷന് അനുവദിച്ചത്.
43,06,500 രൂപ ഫുട്ബോള്‍ അസോസിയേഷന് ശ്രീനഗറിലെ മുഗള്‍ ദര്‍ബാര്‍, പോളോ വ്യൂ തുടങ്ങിയ റസ്റ്റോറന്റുകള്‍ക്കു നല്‍കിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ടീമംഗങ്ങള്‍ക്കു കഴിക്കാനായി ഇത്രയും തുകയ്ക്ക് ബിരിയാണി വാങ്ങിയെന്നാണ് അസോസിയേഷന്റെ നിലപാട്. എന്നാല്‍ കശ്മീരിലെ ഒരു ടീമിനും ഇത്തരത്തില്‍ ബിരിയാണി കിട്ടിയില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 1,41,300 രൂപ ഹിന്ദുസ്ഥാന്‍ ഫോട്ടോസ്റ്റാറ്റ് എന്ന സ്ഥാപനത്തിനും അസോസിയേഷന് നല്‍കിയിട്ടുണ്ട്. ഇതിനു വേണ്ടിയും വ്യാജ രേഖ തയാറാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തി.