15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവമോര്‍ച്ചാ നേതാവ് അറസ്റ്റില്‍
1 min readപാലക്കാട്: പാലക്കാട് മലമ്പുഴയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണി ആക്കിയ കേസില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവ് അറസ്റ്റില്‍. ആനിക്കോട് സ്വദേശി രഞ്ജിത് ആണ് പിടിയില്‍ ആയത്. പിരായിരി മണ്ഡലം ഭാരവാഹി ആണ് രഞ്ജിത്ത്. വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡനം എന്നാണ് പരാതി. പെണ്‍കുട്ടി കഴിഞ്ഞ ദിവസം പ്രസവിച്ചിരുന്നു. പെണ്‍കുട്ടിയും യുവാവും അടുപ്പത്തിലായിരുന്നു. ഇതുമുതലെടുത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ രഞ്ജിത്ത് നിരവധി തവണ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വിവാഹ വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയുടെ വിശ്വാസം നേടിയത്. തുടര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വയറു വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ പാലക്കാട് വനിതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിറ്റേ ദിവസം പതിനഞ്ചുകാരി പ്രസവിച്ചു. ആശുപത്രി അധികൃതരുടെയും രക്ഷിതാക്കളുടെയും പരാതിയില്‍ മലമ്പുഴ പൊലീസാണ് സംഭവം അന്വേഷിച്ച് രഞ്ജിത്താണ് പീഡനത്തിന് പിന്നിലെന്ന് കണ്ടെത്തിയത് യുവമോര്‍ച്ചയുടെ സജീവ പ്രവര്‍ത്തകനാണ് രഞ്ജിത്തെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്തു.