വെള്ളിയാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടും. ടീലര്മാര് സമരത്തിലേക്ക്
1 min readകൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ വെള്ളിയാഴ്ച്ച അടച്ചിടും. പൊതുമേഖലാ എണ്ണക്കമ്പനികള്‍ നടപ്പാക്കിയ നയങ്ങളും പരിഷ്കാരങ്ങളും ദുരിതത്തിലാക്കുന്നുവെന്നാരോപിച്ചാണ് പെട്രോളിയം ഡീലര്‍മാര്‍ പമ്പുകള്‍ അടച്ച് സമരം പ്രഖ്യാപിച്ചത്. കേരളത്തിലെ അറുന്നൂറ്റമ്പതോളം ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡീലര്‍മാര്‍ക്ക് പ്രതിദിനം നാനൂറ്റിയമ്പതോളം ലോഡുകള്‍ വേണമെന്നിരിക്കെ ഇരുന്നൂറ്റിയമ്പത് ലോഡുകള്‍ മാത്രമാണ് നല്‍കുന്നത്. ഇതുകാരണം സ്ഥിരമായി മൂന്നിലൊന്നോളം പമ്പുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ അടഞ്ഞ് കിടക്കുന്ന സ്ഥിതിയാണുളളത്.
ഐഒസി ആകട്ടെ അവരുടെ ഡീലര്‍മാരുടെ മേല്‍ പ്രീമിയം ഉല്പന്നങ്ങള് അടിച്ചേല്‍പ്പിക്കുകയാമെന്നും ആരോപിച്ചു. പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നതിന് വേണ്ടിയാണ് വെള്ളിയാഴ്ച്ച കേരളത്തിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളും അടച്ചിട്ട് കമ്പനിയില്‍ നിന്നും ലോഡെടുക്കാതെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചതെന്ന് കേരളത്തിലെ പെട്രോളിയം വ്യാപാരികളുടെ സംഘടനകളുടെ കൂട്ടായ്മ ചെയര്മാന് ടോമി തോമസും കണ്‍വീനര്‍ ശബരീനാഥും കൊച്ചിയില്‍ അറിയിച്ചു.