പൊതു വഴി തിരിച്ചുകിട്ടാനായി കാന്‍സര്‍ രോയിയുടെ പോരാട്ടം.
1 min readതിരുവനന്തപുരം: കരുംകുളം പഞ്ചായത്തില്‍ 3ാം വാര്‍ഡിലെ മല്ലന്‍വിള കോളനിയിലെ പൊതുവഴി തുറക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമരം. വഴി തുറന്ന് തരണമെന്നാവശ്യപ്പെട്ട് ക്യാന്‍സര്‍ രോഗിയുമായി കോളനി നിവാസികള്‍ ഇത് 4ാം തവണയാണ് പഞ്ചായത്തിന് മുന്നില്‍ സമരത്തിനെത്തുന്നത്. അപ്പോഴെല്ലാം ഒരാഴ്ചക്കുള്ളില്‍ വഴി തുറന്ന് തരാം എന്ന വാഗ്ദാനം നല്‍കി പഞ്ചായത്ത് അധികൃതര്‍ തിരിച്ചയച്ചതായി സമരക്കാര്‍ പറയുന്നു.
എന്നാല്‍, മാസങ്ങളും വര്‍ഷങ്ങളും കടന്ന് പോയിട്ടും സ്വന്തം വീട്ടില്‍ കടന്ന് ചെല്ലാന്‍ വഴിയില്ലാതെ നട്ടം തിരിയുകയാണ് കുട്ടികളും വൃദ്ധജനങ്ങളും ക്യാന്‍സര്‍ രോഗികളും ഉള്‍പ്പെടെയുള്ള കോളനി നിവാസികള്‍. കഴിഞ്ഞ 7 വര്‍ഷമായി പഞ്ചായത്ത് അധികൃതരുടെ മുന്നില്‍ തങ്ങളുടെ വീട്ടിലേക്കുള്ള വേഴിക്ക് വേണ്ടി ഇവര്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. പരിഹാരമില്ലങ്കില്‍ കൂട്ട ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലന്ന് പറയുകയാണ് സമരത്തിനെത്തിയ വൃദ്ധരായ ലീലയും വസന്തയും.
പൊതുവഴി കൈയേറിയ സംഭവത്തെ കുറിച്ച് സമരക്കാര്‍ പറയുന്നത് ഇങ്ങനെയാണ്. 1991 ലാണ് മല്ലന്‍വിളയില്‍ 5 കുടുംബക്കാര്‍ക്ക് മിച്ച ഭൂമി സര്‍ക്കാര്‍ പതിച്ച് നല്‍കുന്നത്. അതോടൊപ്പം ചാനല്‍ ബണ്ടില്‍ നിന്നും 5 കണ്ടങ്ങളിലും പ്രവേശിക്കാന്‍ പൊതുവഴിയും അനുവദിച്ച് നല്‍കിയിരുന്നു. എന്നാല്‍, 2004ല്‍ അയല്‍വാസി നടവഴിയില്‍ പശുത്തൊഴുത്ത് നിര്‍മ്മിച്ചു. പിന്നീട് തൊഴുത്ത് വീടായി ചിത്രീകരിച്ച് പഞ്ചായത്തിനെ സ്വാധീനിച്ച് ഇയാള്‍ വീട്ടുനമ്പര്‍ വാങ്ങിയെന്നും ഇവര്‍ ആരോപിക്കുന്നു.
ഇക്കാലത്ത് ഞങ്ങള്‍ ചികിത്സയുടെ ആവശ്യത്തിനായി തിരുവനന്തപുരം ആര്‍സിസിയില്‍ ആയിരുന്നുവെന്നും സമരക്കാര്‍ പറയുന്നു. അന്യായമായി കൈയേറി അടച്ച വഴി തുറക്കണം എന്നാവശ്യപ്പെട്ട് 2014 മുതല്‍ ഞങ്ങള്‍ പരാതിയുമായി പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുകയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഇനിയെങ്കിലും അധികൃതരുടെ കണ്ണ് തുറക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. രാവിലെ തുടങ്ങിയ സമരം വൈകിട്ട് 5 മണിയായിട്ടും അവസാനിപ്പിക്കാതെ വന്നതോടെ കാഞ്ഞിരംകുളം പോലീസും, പഞ്ചായത്ത് അധികൃതരും വീണ്ടും ഒരു മാസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാമെന്ന വാഗ്ദാനം നല്‍കി സമരക്കാരെ തിരിച്ചയച്ചു. സംഭവുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളില്‍ പഞ്ചായത്തില്‍ പ്രസ്തുത കക്ഷികളെ വിളിച്ച് പ്രശ്‌ന പരിഹാരത്തിനുള്ള വഴി തേടുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധുസുദനന്‍ ഏഷ്യാനെറ്റ് ഓണ്‍ലൈനോട് പറഞ്ഞു.