ഭര്‍തൃവീട്ടില്‍നിന്ന് പുറത്താക്കി; 20 ദിവസം കാത്തിരുന്നു: ഒടുവില്‍ കമ്പിപ്പാരകൊണ്ട് വാതില്‍പൊളിച്ചു

1 min read


ചെന്നൈ: സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നിന്നും പുറത്താക്കിയ യുവതി കമ്പിപ്പാര ഉപയോഗിച്ച് വാതില്‍ വെട്ടിപ്പൊളിച്ച് അകത്തുകയറി. തിരുവാറൂര്‍ ജില്ലയിലെ മയിലാടുതുറൈയിലെ പ്രവീണയാണ് (30) ഭര്‍ത്താവ് നടരാജന്റെ (32) വീടിനുമുന്നില്‍ 20 ദിവസം കാത്തിരുന്നശേഷം അകത്തുകയറിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം

24 പവനും ബുള്ളറ്റും 3 ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയാണ് പ്രവീണയുടെ വീട്ടുകാര്‍ വിവാഹം നടത്തിയത്. മൂന്നുമാസം കഴിഞ്ഞപ്പോഴേക്കും നടരാജന്റെ വീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരില്‍ പ്രവീണയെ പീഡിപ്പിക്കാന്‍ തുടങ്ങി. ചെന്നൈയിലെ ഒരു സ്വകാര്യകമ്പനിയിലാണ് നടരാജന് ജോലി. നടരാജന്‍ ഇല്ലാത്ത സമയം പ്രവീണയെ വീട്ടില്‍ നിന്നും പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍തൃകുടുംബം ബന്ധുവീട്ടിലേക്ക് മാറുകയും ചെയ്തു.

എന്നാല്‍ പ്രവീണ ഭര്‍തൃവീട്ടില്‍നിന്നും പോകാന്‍ തയാറായില്ല. അവര്‍ 20 ദിവസം വീടിനുപുറത്തുതന്നെ പാചകം ചെയ്ത് താമസിച്ചു. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ മയിലാത്തുറൈ ഡിഎസ്പി വസന്തരാജിന് പരാതി നല്‍കി. കഴിഞ്ഞ ദിവസം നടരാജന്റെ ബന്ധുക്കള്‍ വീട്ടിലെത്തുകയും പശുക്കളെ പരിചരിച്ച ശേഷം തിരിച്ചുപോകുകയും ചെയ്തു. തന്റെ കാര്യത്തില്‍ തീരുമാനം എടുക്കാതായതോടെ പ്രകോപിതയായ പ്രവീണ നാട്ടുകാരുടെ സാന്നിധ്യത്തില്‍ കമ്പിപ്പാര ഉപയോഗിച്ച് വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ചു അകത്തുകയറി.

വിവരം അറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്തെത്തി. ഇത്രയും നാളായി തന്റെ ഭര്‍ത്താവിനെക്കുറിച്ച് വിവരമില്ലെന്നും അദ്ദേഹത്തെ കണ്ടെത്തി തരണമെന്നും പൊലീസിനോട് പ്രവീണ ആവശ്യപ്പെട്ടു. ഭര്‍ത്താവ് തന്നെ വേണ്ടെന്ന് പറയുകയാണെങ്കില്‍ താന്‍ വീട്ടില്‍ നിന്നും ഇറങ്ങാമെന്നും പ്രവീണ പൊലീസിനോട് പറഞ്ഞു. വിഷയത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Related posts:

Leave a Reply

Your email address will not be published.