സി.പി.ഐക്ക് സീറ്റ് കിട്ടുമോ
1 min readകേരളത്തില്‍ നാലു സീറ്റിലാണ് ഇടതുമുന്നണിയില്‍ നിന്ന് സി.പി.ഐ മത്സരിക്കുന്നത്. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്, മാവേലിക്കരയില്‍ അരുണ്‍ കുമാര്‍, തൃശൂരില്‍ വി.എസ്. സുനില്‍കുമാര്‍, വയനാട്ടില്‍ ആനി രാജയും. ദേശീയ പാര്‍ട്ടി എന്ന അംഗീകാരം പോയ സി.പി.ഐക്ക് സീറ്റുകള്‍ കിട്ടിയേ തീരു. കേരളത്തിന് പുറത്ത് തമിഴ്നാട്ടില്‍ നിന്ന് മാത്രമാണ് എന്തെങ്കിലും സാദ്ധ്യതയുള്ളത്. ഇപ്പോഴത്തെ നാലുപേരില്‍ ആര്‍ക്കാണ് വിജയസാദ്ധ്യത ഉള്ളത്. വയനാട്ടില്‍ ആനി രാജയ്ക്ക് ഒട്ടുമില്ല. അവര്‍ ആഗ്രഹിക്കുന്നത് രാഹുല്‍ഗാന്ധിക്കെതിരെ മത്സരിച്ച് ഒരു പബ്ലിസിറ്റി മാത്രം. തിരുവനന്തപുരത്ത് 2005ല്‍ ജയിച്ച പന്ന്യന്‍ രവീന്ദ്രന് ഇത്തവണ മൂന്നാംസ്ഥാനത്തേക്ക് പോകുമെന്ന് പറയാന്‍ പ്രത്യേകിച്ച രാഷ്ട്രീയ വിദ്യാഭ്യാസമൊന്നും വേണ്ട്. തൃശൂരിലും ഏതാണ്ട് തിരുവനന്തപുരം പോലെ തന്നെയാണ് സ്ഥിതി. സുനില്‍കുമാര്‍ മൂന്നാം സ്ഥാനത്തായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പിച്ച മട്ടാണ്.
ഇനി പ്രത്യാശയ്ക്ക് വകയുള്ള ഏക സി.പി.ഐ സ്ഥാനാര്‍ഥി മാവേലിക്കരയിലെ അരുണ്‍കുമാറാണ്. അതും അദ്ദേഹത്തിന്റെ മിടുക്കുകൊണ്ടല്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിനോട് അത്രമാത്രം രോഷമുണ്ട് പലര്‍ക്കും. അതില്‍ കൂടുതലും ശക്തമായി യു.ഡി.എഫിനെ തുണച്ചുകൊണ്ടിരുന്ന വോട്ടര്‍മാരും. സി.പി.ഐയുടെ ഗതികേട് അവരുടെ നാല് സീറ്റില്‍ 3 ലും ബി.ജെ.പി ഗണനീയ ശക്തി ആണെന്നുള്ളതാണ്. ബി.ജെ.പി പിടിക്കുന്ന വോട്ട് കൊണ്ട് മുമ്പ ഗുണം എല്‍.ഡി.എഫിനായിരുന്നെങ്കില്‍ അടുത്ത കാലത്ത് കാണുന്നത് ബി.ജെ.പി വന്‍തോതില്‍ ഇടതുവോട്ട് കവരുന്നതാണ്. മാവേലിക്കരയിലെ സാദ്ധ്യതയ്ക്ക് മങ്ങലേല്പിക്കുന്നതും ഈ ഘടകം തന്നെ. ഏതായാലും ലോകസഭയില്‍ ഒരു സി.പി.ഐക്കാരനുണ്ടാകുമെന്നും അത് മാവേലിക്കരയില്‍ നിന്നായിരിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം.