മോര്‍ഗന്‍ ഫ്രീമാന്‍ ഒരു കുട്ടിയെ പോലെ ശ്രവിച്ചിരുന്ന ആ വലിയ മനുഷ്യന്‍
1 min readദോഹ: ലോകം അല്‍ ബയ്ത്ത് സ്റ്റേഡിയത്തിലേക്ക് ചുരുങ്ങിയ രാത്രിയില്‍ ഖത്തര്‍ ലോകകപ്പിന് വര്‍ണാഭമായ കിക്കോഫാണുണ്ടായത്. ഖത്തറിന്റെ സാംസ്‌കാരിക തനിമയും ചരിത്രവും വിളിച്ചോതിയായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. ഖത്തറിന്റെ സാംസ്‌കാരിക മൂല്യങ്ങളും പേരും പെരുമയും വ്യക്തമാക്കിയ ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാനൊപ്പം വേദിയിലെത്തിയ ഒരു വലിയ താരം ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റി. തൂവെള്ളയണിഞ്ഞ ആ കുറിയ മനുഷ്യന്‍ ആരാണ്, പങ്കുവച്ച സന്ദേശമെന്താണ്?
ഖത്തര്‍ ലോകകപ്പിന്റെ അംബസാഡറായ ഗാനീം അല്‍ മുഫ്താഹാണ് മോര്‍ഗന്‍ ഫ്രീമാനൊപ്പം വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ഒറ്റ നിമിഷം കൊണ്ട് ലോകത്തിന്റെയാകെ ശ്രദ്ധ നേടി ആ ചെറിയ വലിയ മനുഷ്യന്‍. വംശവെറിക്ക്, മതഭ്രാന്തിന്, യൂറോപ്പിന്റെ എതിര്‍പ്പിന്, പരിഹാസങ്ങള്‍ക്ക് കറുത്ത പാശ്ചാത്യന്‍ മോര്‍ഗന്‍ ഫ്രീമാനേയും വെളുത്ത പൗരസ്ത്യന്‍ ഗാനിം അല്‍ മുഫ്താഹിനേയും വേദിയിലിരുത്തി വംശവെറിക്കെതിരെ ഉണര്‍ത്തുപാട്ടൊരുക്കുകയായിരുന്നു ഉദ്ഘാട ചടങ്ങിലെ ഈ കാഴ്ചകള്‍.
നട്ടെല്ലിന്റെ വളര്‍ച്ച ഇല്ലാതാക്കുന്ന കോഡല്‍ റിഗ്രെഷന്‍ സിന്‍ഡ്രോം എന്ന അപൂര്‍വ രോഗം ബാധിച്ചയാളാണ് മുഫ്താഹ്. എന്നാല്‍ രോഗത്തോട് മല്ലിട്ട് സംരംഭകനെന്ന നിലയിലും സേഷ്യല്‍ ഇന്‍ഫ്‌ലുവന്‍സറായും തലയുയര്‍ത്തി ലോകകപ്പ് വേദിയിലെത്തി. ഗള്‍ഫ് മേഖലയിലെ ഏറ്റവും ഉയരം കൂടിയ ജെബല്‍ ഷാംസ് കയറിയ മുഫ്തയ്ക്ക് എവറസ്റ്റ് കീഴടക്കണമെന്നാണ് മോഹം. ഉയരങ്ങള്‍ കീഴടക്കാനുള്ള മോഹങ്ങള്‍ക്ക് മുന്നില്‍ ഈ ഉയരക്കുറവ് ഒരു തടസ്സമേ അല്ലെന്ന് ബോധ്യപ്പെടുത്താനാണ് കാല്‍പന്തിന്റെ പെരുങ്കളിയാട്ടത്തിലെ അംബാസഡറായി മുഫ്തയെ തെരഞ്ഞെടുത്തതും.