ഒരിക്കല്‍ കൂടി വൃക്ക മാറ്റിവയ്ക്കാന്‍ സഹായം തേടി വിഷ്ണു

1 min read

തിരുവനന്തപുരം: ‘ ഇപ്പൊ എന്റെ അവസ്ഥ ഓര്‍ത്ത് എനിക്ക്, കരയാന്‍ തോന്നുന്നില്ല. ഇതിനപ്പുറം വേദനകള്‍ ഇനി എനിക്ക് വരാന്‍ ഇല്ല. ശരീരം ആസകലം ചികിത്സയ്ക്കായി കീറിയിട്ടുണ്ട്.’ പന്ത്രണ്ടാം വയസ് മുതല്‍ സഹിക്കുന്ന വേദനകള്‍ ഉള്ളിലൊതുക്കി നിസഹായതയോടെ വിഷ്ണു പറയുന്നു. സമപ്രായക്കാരെ പോലെ നല്ലൊരു ജോലി വാങ്ങി വീട്ടുകാരെ സംരക്ഷിക്കാനും ബൈക്ക് ഓടിക്കാനും കളിക്കാനും ഒക്കെ ആഗ്രഹം ഉള്ളിലുണ്ടെങ്കിലും 22 വയസുകാരന്‍ വിഷ്ണുവിന് ജീവിക്കാനായി സുമനസുകളുടെ സഹായം വേണം. മകന്റെ ജീവന്‍ നിലനിര്‍ത്താന്‍ അമ്മ വൃക്ക ദാനം ചെയ്‌തെങ്കിലും നാല് മാസം കഴിഞ്ഞ് അതിന്റെ പ്രവര്‍ത്തനവും നിലച്ചു. വീണ്ടുമൊരു വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് 5 ലക്ഷം രൂപ ആവശ്യമാണ്. തിരുവനന്തപുരം ആര്യനാട് ഉഴമലയ്ക്കല്‍ കിഴക്കുപുറം തോട്ടരികത്ത് വീട്ടില്‍ സന്തോഷ് കുമാര്‍, ഷീജ ദമ്പതികളുടെ മൂത്ത മകന്‍ വിഷ്ണു എസ് (22) ആണ് ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് സുമനസ്സുകളുടെ സഹായം തേടുന്നത്.

2010 ല്‍, ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വിഷ്ണുവിന്റെ വൃക്കകള്‍ തകരാറിലാണെന്ന് കണ്ടെത്തുന്നത്. ഊര്‍ജ്ജസ്വലനായി കൂട്ടുകാര്‍ക്ക് ഒപ്പം കളിച്ചു ചിരിച്ച് നടന്ന വിഷ്ണുവിന് പെട്ടെന്നുണ്ടായ അവശതകളും ക്ഷീണവുമൊക്കെ കണ്ടാണ് നെടുമങ്ങാട് ഒരു ഡോക്ടറെ കാണുന്നത്. ഇദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് വിഷ്ണുവിന്റെ ഇരുവൃക്കകളും പ്രവര്‍ത്തനം നിലച്ചതായി കണ്ടെത്തിയത്. 2014 വരെ വിഷ്ണുവിന്റെ ജീവന്‍ ഡയാലിസിസ് വഴിയാണ് നിലനിര്‍ത്തിയത്. വൃക്ക മാറ്റി വെച്ചാല്‍ വിഷ്ണുവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ മകനെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ അച്ഛന്‍ സന്തോഷും അമ്മ ഷീജയും മുന്നോട്ട് വന്നു.

ആദ്യം അച്ഛന്‍ സന്തോഷിന്റെ വൃക്കയാണ് വിഷ്ണുവിന് നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ പരിശോധനയില്‍ സന്തോഷിന് പ്രമേഹ രോഗത്തിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനാല്‍ ഈ ശ്രമം നടന്നില്ല. തുടര്‍ന്നാണ് അമ്മ ഷീജ മകന് വൃക്ക നല്‍കാന്‍ തയ്യാറായത്. 2014 മാര്‍ച്ച് 15 ന് ശസ്ത്രക്രിയയിലൂടെ ഷീജയുടെ ഒരു വൃക്ക വിഷ്ണുവിന് മാറ്റി വെച്ചു. ക്രമേണ വിഷ്ണുവിന്റെ ആരോഗ്യനിലയില്‍ മാറ്റം വന്നുതുടങ്ങി. എന്നാല്‍, വൃക്ക മാറ്റിവച്ച് നാല് മാസം പിന്നിട്ടപ്പോള്‍ വിഷ്ണുവിന്റെ ശരീരത്തില്‍ വീണ്ടും നീര് വെയ്ക്കാന്‍ തുടങ്ങി. ഇതിനിടെ നടക്കാന്‍ പോലും കഴിയാതെ വന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അമ്മയില്‍ നിന്ന് സ്വീകരിച്ച വൃക്കയുടെ പ്രവര്‍ത്തനവും നിലച്ചതായി കണ്ടെത്തിയത്. ഇതോടെ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും വിഷ്ണുവിന്റെ സ്വപ്നങ്ങളും ഒരു നിമിഷം കൊണ്ട് ഇല്ലാതായത് പോലെ തോന്നിയെന്ന് അമ്മ ഷീജ പറയുന്നു. അന്ന് മുതല്‍ ഇന്ന് വരെ ആഴ്ചയില്‍ മൂന്ന് ദിവസം എസ്.എ.ടി ആശുപത്രിയില്‍ മുടങ്ങാതെ ചെയ്യുന്ന ഡയാലിസിസാണ് ഇന്ന് ഈ ഇരുപത്തിരണ്ടുകാരന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. കൂടാതെ ഇടയ്ക്കിടെ ഫിറ്റ്‌സ് വരുന്നതും വിഷ്ണുവിന്റെ ആരോഗ്യ നിലയെ ആശങ്കപ്പെടുത്തുന്നു.

മരുന്നിനും ഡയാലിസിസ് ചിലവുകള്‍ക്കുമായി ഒരു മാസം 20,000 രൂപയാണ് ചിലവാകുന്നത്. വിഷ്ണുവിന്റെ അച്ഛന്‍ ഓട്ടോറിക്ഷ ഒടിച്ചും അമ്മ ഷീജ വീട്ടു ജോലികള്‍ക്ക് പോയുമാണ് കുടുംബത്തിന്റെ ചിലവുകളും വിഷ്ണുവിന്റെ ചികിത്സയും ഇളയ സഹോദരന്മാരായ വൈഷ്ണവ്, ജിഷ്ണു എന്നിവരുടെ പഠനവും മുന്നോട്ട് കൊണ്ട് പോകുന്നത്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി അഞ്ച് ലക്ഷം രൂപയാണ് ചിലവ് വരുന്നത്. ശസ്ത്രക്രിയക്ക് ശേഷമുള്ള ചിലവുകള്‍ വേറെയും. മൂന്ന് തവണ മൃതസഞ്ജീവനി പദ്ധതിവഴി വിഷ്ണുവിന് വൃക്ക ലഭ്യമായെങ്കിലും പരിശോധനകളില്‍ ഇത് വിഷ്ണുവിന്റെ ശരീരം സ്വീകരിക്കില്ലെന്ന് കണ്ടെത്തിയതോടെ ശസ്ത്രക്രിയ നടത്താന്‍ സാധിച്ചില്ല. മൃതസഞ്ജീവനി സീനിയോറിറ്റി ലിസ്റ്റില്‍ മുന്‍ നിരയില്‍ ഉള്ളതിനാല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടി വിഷ്ണുവിനെ തേടി എപ്പോള്‍ വേണമെങ്കിലും ആശുപത്രിയില്‍ നിന്നുള്ള വിളിയെത്താം.

ചികിത്സയും ശസ്ത്രക്രിയയും ഒക്കെയായി വിഷ്ണുവിന്റെ പഠനം പലതവണ തടസപ്പെട്ടെങ്കിലും തത്തുല്യ പരീക്ഷയിലൂടെ വിഷ്ണു പത്താം ക്ലാസ് പൂര്‍ത്തിയാക്കി. നിലവില്‍ ഹയര്‍സെക്കന്‍ഡറി തത്തുല്യ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. പാചക കലയോട് ഒരുപാട് ആഗ്രഹമുള്ള വിഷ്ണുവിന് ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കണമെന്നാണ് ആഗ്രഹം. വൃക്ക മാറ്റി വെച്ച് രോഗം ഭേദമായാല്‍ തനിക്ക് വേണ്ടി കഷ്ടപ്പെടുന്ന മാതാപിതാക്കളെ സംരക്ഷിക്കണമെന്നും വിഷ്ണു പറയുന്നു.

വിഷ്ണുവിനെ ബന്ധപ്പെടാനുള്ള നമ്പര്‍ :

NAME : VISHNU.S
PH NO : 9656936580
6238510548

Related posts:

Leave a Reply

Your email address will not be published.