അതിജീവിതയെ വിവാഹം കഴിച്ചാല്‍ പീഡനക്കേസില്‍ ഇളവ്;മുംബൈ ഹൈക്കോടതി

1 min read

പീഡനത്തിന് പിന്നാലെ ഗര്‍ഭിണിയായി കുഞ്ഞിനെ ജന്മം കൊടുത്ത ശേഷം കാണാതായ അതിജീവിതയെ ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം ചെയ്യുകയാണെങ്കില്‍ ജാമ്യം അനുവദിക്കാമെന്ന് ബോംബൈ ഹൈക്കോടതി. പീഡനക്കേസില്‍ പിടിയിലായ മുംബൈ സ്വദേശിയുടെ ജാമ്യാപേക്ഷയിലാണ് കോടതിയുടെ വിചിത്രവിധി. അതിജീവിതയെ കണ്ടെത്തുകയാണെങ്കില്‍ വിവാഹം ചെയ്യണമെന്നാണ് നിര്‍ദ്ദേശം. വിവാഹം ചെയ്യാനുള്ള കാലയളവ് ഒന്നില്‍ കൂടുതല്ലെന്നും കോടതി വിശദമാക്കി. ചെറിയൊരു കാലയളവില്‍ അത് ഒരു വര്‍ഷമെന്നിരിക്കട്ടെ അതിജീവിതയെ കണ്ടെത്തിയാല്‍ വിവാഹം ചെയ്യണമെന്ന നിബന്ധനയില്‍ ജാമ്യം അനുവദിക്കുന്നത് ഉചിതമെന്നാണ് ഉത്തരവില്‍ ജസ്റ്റിസ് ഭാരതി ഡാഗ്രേ വിശദമാക്കിയിട്ടുള്ളത്.

കുറ്റപത്രം അനുസരിച്ച് 22 കാരിയായ യുവതിയുടെ പരാതിയിലാണ് 26കാരനായ യുവാവ് പിടിയിലായത്. അയല്‍വാസികളായിരുന്ന ഇരുവരും 2018 മുതല്‍ പരസ്പരം അറിയാവുന്ന ആളുകളാണ്. ഇവര്‍ പ്രണയത്തിലായ വിവരം ഇരുകുടുംബങ്ങള്‍ക്കും ധാരണയുള്ള വിഷയമായിരുന്നു. വിവാഹം ചെയ്യാമെന്ന ധാരണയില്‍ ഇവര്‍ തമ്മില്‍ ശാരീരികമായി ബന്ധപ്പെടുകയും ചെയ്തു. 2019 ഒക്ടോബറിലാണ് യുവതി ഗര്‍ഭിണിയാവുന്നത്. ഗര്‍ഭിണിയാണെന്ന വിവരം യുവാവിനെ അറിയിച്ച സമയത്ത് വിവാഹം ചെയ്യാനാവില്ലെന്ന് യുവാവ് വ്യക്തമാക്കി. ആറ് മാസം ഗര്‍ഭിണിയായിരുന്ന യുവതി 2020ജനുവരി 27 ന് കുഞ്ഞിന് ജന്മം നല്‍കി. ഈ കുഞ്ഞിനെ യുവതി മറൈന്‍ ലൈന്‍സിലെ ഒരു കെട്ടിടത്തിന്റെ കോംപൌണ്ടില്‍ ഉപേക്ഷിച്ചു. കുഞ്ഞിനെ കെട്ടിടത്തിന്റെ കാവല്‍ക്കാരന്‍ എടുത്തുവെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു യുവതി ഇവിടെ നിന്ന് പോയത്. 2020 ഫെബ്രുവരി 24നാണ് യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തെറ്റിധരിപ്പിച്ച് ശാരീരിക ബന്ധം പുലര്‍ത്തിയ ശേഷം വഞ്ചിച്ചുവെന്നായിരുന്നു പരാതി.

അടുത്ത ദിവസം തന്നെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തുവെന്നും യുവാവിനെതിരായ കുറ്റപത്രത്തില്‍ പറയുന്നു. സംഭവം കേസായതിന് പിന്നാലെ യുവതിയെ വിവാഹം ചെയ്യാനും കുഞ്ഞിനെ സ്വീകരിക്കാനും തയ്യാറാണെന്ന് യുവാവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കുഞ്ഞിന് ദത്ത് നല്‍കിയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പരാതിക്ക് ആസ്പദമായ പീഡനം നടക്കുമ്പോള്‍ യുവതിക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്നും ഇവരുടെ ശാരീരിക ബന്ധം ഉഭയ സമ്മതത്തോടെ ആയിരുന്നുവെന്നും കോടതി നിരക്ഷിച്ചു. കുറ്റാരോപിതനും കുടുംബവും യുവതിയുമായുള്ള വിവാഹത്തിന് ഒരുക്കമാണെന്നും കോടതി വിശദമാക്കി. എന്നാല്‍ യുവതി കാണാതായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിബന്ധനകളോടെ ജാമ്യം അനുവദിച്ചത്.

Related posts:

Leave a Reply

Your email address will not be published.