വിജയ് രജനികാന്ത് ഫൈറ്റ് അവസാനിച്ചുവോ?

1 min read

‘അച്ചടക്കവും കഠിനാധ്വാനവും കഴിവും കൊണ്ടാണ് വിജയ് ഉയരങ്ങളില്‍ എത്തിയത്’; രജനികാന്ത

 ‘ജയിലര്‍’ ഓഡിയോ ലോഞ്ചിലെ പരുന്ത് പരാമര്‍ശത്തില്‍ വിശദീകരണവുമായി രജനികാന്ത്. താന്‍ പങ്കുവെച്ച കാക്കയുടെയും കഴുകന്റെയും കഥ വിജയ്യെ ഉദ്ദേശിച്ചല്ലെന്നും അതിനെ സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെട്ടെന്നും രജിനികാന്ത് പറഞ്ഞു. വളരെ നിരാശാജനകമാണ് ഇത്.  വിജയ് തന്റെ കണ്‍മുന്നിലാണ് വളര്‍ന്നത്. വിജയ് ഇന്ന് വലിയ താരമായി വളര്‍ന്നു കഴിഞ്ഞു.  തങ്ങള്‍ പരസ്പരം മത്സരിക്കുന്നവരാണെന്ന് പറയുന്നത് അനാദരവാണ്.  തങ്ങളെ തമ്മില്‍ താരതമ്യപ്പെടുത്തരുതെന്ന് ആരാധകരോട് അഭ്യര്‍ഥിക്കുന്നെന്നും രജിനികാന്ത് പറഞ്ഞു.  അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു എന്നാണ് പറയുന്നത്. താനെന്നും വിജയ്‌യുടെ അഭ്യുദയകാംക്ഷി ആണെന്നും രജനികാന്ത് വിശദമാക്കി. ‘ലാല്‍സലാം’ സിനിമയുടെ ഓഡിയോ ലോഞ്ചിലായിരുന്നു രജനികാന്തിന്റെ പ്രതികരണം.

ലോഞ്ചിനിടെ രജനികാന്ത് പറഞ്ഞതിങ്ങനെ.
”കാക്കയുടെയും കഴുകന്റെറെയും കഥ വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെട്ടു. ഞാന്‍ വിജയ്‌യ്ക്കു എതിരെയാണ് അത് പറഞ്ഞതെന്ന് പലരും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇത് വളരെ നിരാശാജനകമാണ്. എന്റെ കണ്‍മുന്നിലാണ് വിജയ് വളര്‍ന്നത്. ഞാന്‍ അഭിനയിച്ച ‘ധര്‍മ്മത്തിന്‍ തലൈവന്‍’ എന്ന സിനിമ വിജയ്‌യുടെ വീട്ടിലാണ് ചിത്രീകരിച്ചത്.
ആ ചിത്രത്തിന്റ ഷൂട്ടിങ്ങ് സമയത്ത്, വിജയ്‌യ്ക്ക് 13 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, മുകളിലത്തെ നിലയില്‍ നിന്ന് വിജയ് എന്നെ നോക്കുമായിരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞ് എസ്.എ. ചന്ദ്രശേഖര്‍ മകനെ പരിചയപ്പെടുത്തി, അവന് അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും പറഞ്ഞു. വിജയ്‌യോട് ആദ്യം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറയണമെന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അവന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ഞാന്‍ അവനെ ഉപദേശിച്ചിട്ടുണ്ട്.

പിന്നീട് വിജയ് നടനായി. തന്റെ അച്ചടക്കവും കഴിവും കഠിനാധ്വാനവുമാണ് ഇത്ര ഉന്നതിയില്‍ വിജയ്‌യെ എത്തിച്ചത്. ഇനി അടുത്തതായി അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്ന് അറിഞ്ഞു. ഞങ്ങള്‍ക്കിടയില്‍ ഒരു മത്സരവുമില്ല. അതുകേട്ട് എന്റെ മനസ്സ് വളരെയേറെ വേദനിച്ചു. വിജയ് തന്നെ പറഞ്ഞു, അദ്ദേഹം മത്സരിക്കുന്നത് അദ്ദേഹത്തോടു തന്നെയാണെന്ന്.  ഞാനും അതു തന്നെയാണ് പറഞ്ഞിട്ടുള്ളത്. വിജയ് ആണ് എനിക്ക് എതിരാളിയെന്ന് ഞാന്‍ ചിന്തിച്ചാല്‍ അതെന്റെ മര്യാദകേടാണ്. വിജയ്‌യും തിരിച്ചങ്ങനെ ചിന്തിച്ചാല്‍ അദ്ദേഹത്തിനും അത് മര്യാദകേടാണ്. ദയവു ചെയ്ത് ഫാന്‍സ് ഇക്കാര്യത്തില്‍ അടിപിടി കൂടരുത്. ഞാന്‍ സ്‌നേഹത്തോടെ അഭ്യര്‍ഥിക്കുകയാണ്.”എന്നിങ്ങനെയാണ് രജനികാന്തിന്റെ വാക്കുകള്‍.
ജയിലര്‍’ സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനിടെ രജനികാന്ത് നടത്തിയ പരാമര്‍ശമാണ് വിവാദങ്ങള്‍ക്കു തുടക്കമിട്ടത്. ”പക്ഷികളില്‍ കാക്ക ഭയങ്കര വികൃതിയാണ്. ഒരു കാരണവുമില്ലാതെ പ്രാവുകളെയും കുരുവികളെയുമൊക്കെ കൊത്തി ശല്യപ്പെടുത്തും. എന്നാല്‍ കഴുകനിങ്ങനെ മുകളില്‍ കൂടി പറക്കും.”ഇതായിരുന്നു രജനിയുടെ വാക്കുകള്‍. കാക്കയെന്നു രജനി ഉദ്ദേശിച്ചത് വിജയ്‌യെ ആണെന്ന് ആരോപിച്ച് ആരാധകര്‍ രംഗത്തെത്തിയതോടെയാണ് സമൂഹമാധ്യമങ്ങളില്‍ ഫാന്‍ ഫൈറ്റ് തുടങ്ങിയത്.
തുടര്‍ന്ന് ഇതേ വിഷയുമായി ബന്ധപ്പെട്ട് വിജയ്‌യും പ്രതികരണം നടത്തുകയുണ്ടായി. ലിയോയുടെ വിജയാഘോഷ പരിപാടിയിലാണ് തന്റെ പതിവു ‘കുട്ടിക്കഥ’യില്‍ വിജയ് കാക്കയെയും കഴുകനെയും ഉള്‍പ്പെടുത്തിയത്. എന്നാല്‍ അതിനെപ്പറ്റി കൂടുതല്‍ പറയാതെ തമാശരൂപേണ ആ വിഷയം മാറ്റുകയായിരുന്നു.

വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാല്‍ സലാം. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് രജിനികാന്ത് എത്തുന്നത്. മൊയ്തീന്‍ ഭായ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ രജനികാന്ത് എത്തുന്നത്. ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ള ഒരു സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ കപില്‍ ദേവും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. എട്ട് വര്‍ഷത്തിന് ശേഷം ഐശ്വര്യ ഫീച്ചര്‍ ഫിലിം സംവിധാനത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ലാല്‍ സലാം.

Related posts:

Leave a Reply

Your email address will not be published.