1 min read

കണ്ണൂര്‍: യൂണീഫോം പാന്റിന്റെ നീളം പോരെന്നും ഇറുകിയ വസ്ത്രം ധരിച്ചെന്നും ആരോപിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിയെ അപമാനിച്ചെന്ന് പരാതി. കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെയാണ് വടകരയിലെ ഒരു സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പള്‍ അപമാനിച്ചത്. വിദ്യാര്‍ത്ഥി മുടി നീട്ടിയതും യൂണിഫോം പാന്റിന്റെ നീളം കുറഞ്ഞതുമാണ് പ്രിന്‍സിപ്പളിനെ ചൊടിപ്പിച്ചത്. മറ്റു കുട്ടികളുടെ മുമ്പില്‍ വെച്ച് അധിക്ഷേപിച്ചതോടെ കുട്ടി നാണക്കേട് കൊണ്ട് സ്‌കൂളില്‍ പോകുന്നത് നിര്‍ത്തി. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ ചൈല്‍ഡ് ലൈന്‍ കേസെടുത്തു.

വടകരയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. യൂണിഫോമിലെ പാന്റിന് നീളമില്ലെന്ന് ആരോപിച്ച് പ്രിന്‍സിപ്പല്‍ മറ്റ് കുട്ടികള്‍ക്ക് മുന്നില്‍ വച്ച് അപമാനിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥി വിശദീകരിക്കുന്നത്.

”നിയ്യെന്താണ് മുടിയെല്ലാം നീട്ടി നീളം കുറഞ്ഞ പാന്റെല്ലാം ഇട്ട് നടക്കുന്നത്? നിയ്യെന്താ പെണ്ണായി നടക്കാന്‍ നോക്കുകയാണോ ? ഇങ്ങനെ നടന്നാല്‍ പെണ്ണാകുകയുമില്ല. നിയ്യെന്താ ബ്ലൂ ഫിലിമില്‍ അഭിനയിക്കാന്‍ പോകുകയാണോ” എന്നാണ് പ്രിന്‍സിപ്പള്‍ ചോദിച്ചതെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. പിതാവിന്റെ ജോലി അന്വേഷിച്ച പ്രിന്‍സിപ്പള്‍, ഗള്‍ഫിലാണെന്ന് അറിഞ്ഞതോടെ, ഹോള്‍ലിക്‌സും പഴവും വെട്ടിവിഴുങ്ങിയിട്ട് വരുന്നതാണല്ലേ എന്നും പറഞ്ഞു. അലവലാതിയെന്ന് വിളിച്ചാണ് പ്രിന്‍സിപ്പള്‍ മറ്റുകുട്ടികളുടെ മുന്നില്‍ വെച്ച് അധിക്ഷേപം തുടങ്ങിയതെന്നും വിദ്യാര്‍ത്ഥി വിശദീകരിച്ചു. അപമാനം കാരണം കഴിഞ്ഞ മൂന്ന് ദിവസമായി കുട്ടി ക്ലാസില്‍ പോകുന്നില്ല. മകന്‍ ക്ലാസില്‍ പോകാതിരുന്നിട്ടും സ്‌കൂള്‍ അധികൃതര്‍ അന്വേഷിക്കുന്നില്ലെന്ന് രക്ഷിതാവും പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ പ്രിന്‍സിപ്പള്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Related posts:

Leave a Reply

Your email address will not be published.