അമ്മയോടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു; ഇരട്ടക്കുട്ടികളില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

1 min read

തിരുവനന്തപുരം: നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കനാലിലേയ്ക്ക് മറിഞ്ഞ് യുകെജി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. അമ്മയോടൊപ്പം സ്‌കൂട്ടറില്‍ സ്‌കൂളിലേക്ക് പോകവെ കനാല്‍ പാലത്തില്‍ വച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍, പാലത്തില്‍ നിന്നും കനാലിലേക്ക് വീണുണ്ടായ അപകടത്തെ തുടര്‍ന്നാണ് കുട്ടി മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മയെയും ഇരട്ട സഹോദരനെയും പരിക്കുകളോടെ ആശുത്രിയില്‍ പ്രവേശിപ്പിച്ചു. പൂവാര്‍ കാരോട് മാറാടി ചെന്മണ്‍കാല വീട്ടില്‍ സുനില്‍, മഞ്ചു ദമ്പതികളുടെ ഇരട്ടമക്കളില്‍ മൂത്ത മകന്‍ പവന്‍ സുനില്‍ (5) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീടിന് മുമ്പിലുള്ള പാറശാല കൊല്ലങ്കോട് ഇറിഗ്വേഷന്റെ കീഴിലുള്ള കനാല്‍ പാലത്തില്‍ വച്ചാണ് അപകടമുണ്ടായത്.

വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള അമ്പിലികോണം എല്‍.എം.എസ്.എല്‍.പി.സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥികളാണ് പവന്‍ സുനിലും നിവിന്‍ സുനിലും. അമ്മ മഞ്ചുവിനൊപ്പം സ്‌കൂട്ടറില്‍ ഇരുവരും സ്‌കൂളിലേക്ക് പോകവെ, ഇറിഗ്വേഷന്റെ കീഴിലുള്ള കനാല്‍ പാലത്തില്‍ വച്ച് വണ്ടിയുടെ നിയന്ത്രണം വിട്ടു. ഇതോടെ കൈവരികളില്ലാത്ത പാലത്തില്‍ നിന്ന് സ്‌കൂട്ടറോടൊപ്പം മൂവരും കനാലിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ പവന്‍ സുനില്‍ സ്‌കൂട്ടറിന്റെ അടിയില്‍ അകപ്പെട്ടു. ശബ്ദം കേട്ട് ഓടി എത്തിയ നാട്ടുക്കാര്‍ അമ്മയെയും കുട്ടികളെയും പാറശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പവന്‍ സുനിലിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

നേരിയ പരിക്കുകള്‍ ഉള്ള മഞ്ചുവിനെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വീട്ടിലേയ്ക്ക് വിട്ടയച്ചു. ഗുരുതര പരിക്കുകളോടെ നിവിന്‍ സുനിലിനെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ വലത്തെ തോളിന് പൊട്ടലുണ്ട്. പിതാവ് സുനില്‍ വിദേശത്താണ്. പൊഴിയൂര്‍ പൊലീസ് സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി. അപകടത്തില്‍പ്പെട്ട വാഹനം പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി. പാറശാല ഗവ.ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന പവന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം അമ്പിലികോണം എല്‍.പി. സ്‌കൂളില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും. അപ്രതീക്ഷിതമായുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.

Related posts:

Leave a Reply

Your email address will not be published.