മദ്യപിച്ച് ബഹളം വയ്ക്കുന്നത് വിലക്കിയതിന് വീട്ടില്‍ കയറി വെട്ടിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍

1 min read

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ ഗൃഹനാഥനെ പകല്‍ സമയം വീട്ടില്‍ കയറി മാരകമായി വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ അക്രമി സംഘത്തില്‍പ്പെട്ട രണ്ട് പ്രതികള്‍ പൊലീസ് പിടിയില്‍. ചിറയിന്‍കീഴ് പൂത്തുറ ശിങ്കാരത്തോപ്പ് തരിശുപറമ്പ് പള്ളിപ്പുരയിടം വീട്ടില്‍ പ്രിന്‍സ് (38), കടയ്ക്കാവൂര്‍ തെക്കുംഭാഗം തെറ്റിമൂല ജീസസ് ഭവനില്‍ ഫ്രെഡി എന്ന് വിളിപ്പേരുള്ള മാര്‍ട്ടിന്‍ (38) എന്നിവരെയാണ് കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ എത്തിയ ബൈക്കും അക്രമത്തിന് ഉപയോഗിച്ച ഇരുമ്പ് പൈപ്പുകളും വെട്ടുകത്തിയും പൊലീസ് പിടിച്ചെടുത്തു. കടയ്ക്കാവൂര്‍ തെക്കുംഭാഗം തെറ്റിമൂല സ്‌ക്കൈലാന്‍ഡില്‍ താമസിക്കുന്ന അലക്‌സാണ്ടറെ(55) യാണ് രണ്ടംഗ അക്രമി സംഘം ഇക്കഴിഞ്ഞ 27 ന് രാവിലെ 11 മണിയോടെ വീട്ടില്‍ അതിക്രമിച്ച് കയറി ഇരുമ്പ് പൈപ്പും വെട്ടുകത്തിയും ഉപയോഗിച്ച് മാരകമായി വെട്ടിയും അടിച്ചും പരുക്കേല്‍പ്പിച്ച് കടന്നത്. അക്രമികളെത്തുമ്പോള്‍ അലക്‌സാണ്ടര്‍ വീട്ടിലെ ഹാളില്‍ ഇരിക്കുകയായിരുന്നു.

ഈ സമയം വീട്ടിലുണ്ടായിരുന്ന അലക്‌സാണ്ടറുടെ ഭാര്യ , മകള്‍ മറ്റ് ബന്ധുക്കള്‍ എന്നിവരെ ആയുധങ്ങള്‍കാട്ടി ഭീഷണിപ്പെടുത്തുകയും ഭീതിപരത്തിയ ശേഷം അക്രമം അഴിച്ചുവിടുകയുമായിരുന്നു. പേടിച്ചവശരായ വീട്ടുകാര്‍ അക്രമികള്‍ വീട്ടില്‍ നിന്ന് പോയെന്നുറപ്പാക്കിയ ശേഷമാണ് ഇവര്‍ മുറിക്ക് പുറത്തിറങ്ങിയത്. ഈ സമയം രക്തത്തില്‍ കുളിച്ച് അവശനിലയില്‍ ഹാളില്‍ കിടന്ന ഗൃഹനാഥനെ ബന്ധുക്കളുടെ കൂട്ടനിലവിളിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ പരിസരവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അലക്‌സാണ്ടറുടെ സ്ഥിതി സാധാരണ നിലയിലായിട്ടില്ല. കടയ്ക്കാവൂര്‍ – അഞ്ചുതെങ്ങ് ബീച്ച് റോഡില്‍ മദ്യപിച്ച ശേഷം പരസ്യമായി നാട്ടുകാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തുകയായിരുന്ന പ്രതികളെ വിലക്കിയതാണ് വീടുകയറിയുള്ള അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. എസ് എച്ച് ഒ വി അജേഷ്, എസ് ഐ എസ് എസ് ദീപു, എ എസ് ഐ ശ്രീകുമാര്‍, സി പി ഒമാരായ ഡാനി, സജു, സിയാദ് എന്നിവരടങ്ങുന്ന പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

Related posts:

Leave a Reply

Your email address will not be published.