നിരവധികേസുകളില്‍ പ്രതികളായ രണ്ട്‌പേരെ കൊല്ലത്ത് കാപ്പ നിയമപ്രകാരം തടവിലാക്കി

1 min read

കൊല്ലം: കൊല്ലം സിറ്റി പൊലീസ് പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രണ്ട് പേരെ കാപ്പ നിയമപ്രകാരം തടവിലാക്കി. 2016 മുതല്‍ കൊല്ലം സിറ്റി പരിധിയിലെ ഓച്ചിറ, കരുനാഗപ്പളളി പൊലീസ് സ്റ്റേഷന്‍ പരിധിയിലും കായംകുളം സ്റ്റേഷന്‍ പരിധിയിലും 10 ക്രിമിനല്‍ കേസുകളില്‍ പ്രതികളായ കരുനാഗപ്പള്ളി താലൂക്കില്‍ ഓച്ചിറ വില്ലേജില്‍ വിത്രോളി തറയില്‍ വീട്ടില്‍ നന്ദു എന്ന് വിളിക്കുന്ന ജിതിന്‍ രാജ് (25), 2016 മുതല്‍ ഇരവിപുരം, കിളികൊല്ലൂര്‍, കൊട്ടിയം, കൊല്ലം വെസ്റ്റ് എന്നീ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊല്ലം താലൂക്കില്‍ വടക്കേവിള വില്ലേജില്‍ പുന്തലത്താഴം ചേരിയില്‍ വീട്ടില്‍ ആദര്‍ശ് (29) എന്നിവരെയാണ് കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കിയത്.

പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് ഭീഷണിയായ ഇവര്‍ക്കെതിരെ നരഹത്യശ്രമം, മാരാകായുധം ഉപയോഗിച്ചുള്ള അക്രമം, സ്ത്രീകള്‍ക്കെതിരെ ലൈംഗിക ആക്രമണം, ഭീഷണിപ്പെടുത്തല്‍, കവര്‍ച്ച എന്നിങ്ങനെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ളത്. മുമ്പ് രണ്ട് തവണ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ള ആളാണ് ആദര്‍ശ്. കൊടുംകുറ്റവാളികള്‍ക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ്, ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ അഫ്‌സാന പര്‍വീണ്‍ ഐ.എ.എസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതല്‍ തടങ്കലിന് ഉത്തരവായത്.

കരുനാഗപ്പള്ളി എ സി പി വി.എസ് പ്രദീപ് കുമാര്‍, ഓച്ചിറ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ നിസാമുദ്ദീന്‍ എ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐമാരായ നിയാസ്, സി പി ഒ അനീഷ്, വിനോദ് എന്നിവരടങ്ങിയ സംഘമാണ് ജിതിന്‍ രാജിനെ അറസ്റ്റ് ചെയ്തത്. കൊല്ലം എ സി പി അഭിലാഷ് എ, ഇരവിപുരം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്. ഐ ജയേഷ്, സിപിഒ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് ആദര്‍ശിനെ അറസ്റ്റ് ചെയ്തത്. ഇവരെ കരുതല്‍ തടങ്കലിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

Leave a Reply

Your email address will not be published.