മോഹൻലാൽ മരിച്ചു; തിയേറ്റർ തല്ലിത്തകർത്ത് ആരാധകർ
1 min readമായാമയൂരത്തിന്റെ റിലീസ് ദിവസം തിരുവനന്തപുരം രമ്യ തിയേറ്ററിലായിരുന്നു സംഭവം
മോഹൻലാലിന്റെ കഥാപാത്രം മരിച്ചതിന്റെ പേരിൽ ആരാധകർ തിയേറ്ററിലെ കസേരകൾ തല്ലിത്തകർത്ത ഒരു അനുഭവ കഥയുണ്ട് സിബി മലയിലിന്റെ മനസ്സിലെ ഡയറിയിൽ. മായാമയൂരം എന്ന സിനിമയുടെ റിലീസ് ദിവസമായിരുന്നു സംഭവം.
മോഹൻലാൽ ഇരട്ടവേഷത്തിലെത്തിയ സിനിമയാണ് മായാമയൂരം. ഒരാൾ ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന മോഡേൺ കഥാപാത്രം. മറ്റേയാൾ തനി നാട്ടിൻപുറത്തുകാരൻ. ലുക്കിലും സ്വഭാവത്തിലും തികച്ചും വ്യത്യസ്തർ .
മോഹൻലാലിന്റെ ഇരട്ടവേഷത്തെക്കുറിച്ച് യാതൊരു സൂചനയും പ്രേക്ഷകർക്ക് ലഭിച്ചിരുന്നില്ല. ഇക്കാര്യം രഹസ്യമാക്കി വെച്ചു അണിയറ പ്രവർത്തകർ. മാത്രമല്ല പോസ്റ്ററുകളിൽ മോഡേൺ വേഷമണിഞ്ഞു നിൽക്കുന്ന നായകനെ മാത്രമേ കാണിക്കുന്നുള്ളൂ. ഈ കഥാപാത്രത്തിന്റെ മരണശേഷം മാത്രമാണ് രണ്ടാമത്തെ കഥാപാത്രം രംഗത്തെത്തുന്നത്. ഇക്കാര്യങ്ങളൊന്നും പ്രേക്ഷകർക്ക് അറിയുമായിരുന്നില്ല.
ബാംഗ്ളൂരിൽ ആർക്കിടെക്റ്റായി ജോലി ചെയ്യുന്ന മോഹൻലാലിന്റെ കഥാപാത്രം നന്ദ എന്ന യുവതിയുമായി പ്രണയത്തിലാവുന്നു.. രേവതിയാണ് നന്ദയെ അവതരിപ്പിച്ചത്. ഇരുവരുടെയും കൂടിക്കാഴ്ചയും പ്രണയ രംഗങ്ങളും മനോഹരമായിത്തന്നെ. അവതരിപ്പിക്കുന്നുണ്ട് സംവിധായകൻ. പിന്നീട് നായകൻ അദ്ദേഹം തന്നെ നിർമ്മിക്കുന്ന വലിയൊരു കെട്ടിടത്തിനുമുകളിൽ നിന്നും വീണ് മരിക്കുകയാണ്. കാമുകിയുടെ കൺമുന്നിൽ വെച്ചായിരുന്നു ഈ മരണം. അതോടെ ഇന്റർവെല്ലാണ്. ഇന്റർവെല്ലിനു ശേഷമാണ് മോഹൻലാലിന്റെ അടുത്ത കഥാപാത്രം വരുന്നത്. അത് പ്രേക്ഷകർക്ക് അറിയില്ലല്ലോ. അവരെ സംബന്ധിച്ചിടത്തോളം മോഹൻലാൽ മരിച്ചു കഴിഞ്ഞു. അതവരെ നിരാശയിലാക്കി. മോഹൻലാൽ മരിച്ചിട്ട് ഇനിയെന്തു സിനിമ? ഇതായിരുന്നു ആരാധകർ ചിന്തിച്ചത്. അവർ വയലന്റായി. തിയേറ്ററിലെ കസേരകൾ തല്ലിത്തകർത്തു. തിരുവനന്തപുരം രമ്യ തിയേറ്ററിലായിരുന്നു ഈ സംഭവങ്ങൾ അരങ്ങേറിയത്. രണ്ടാം പകുതിയിൽ മോഹൻലാലിന്റെ അടുത്ത കഥാപാത്രം എത്തിയതോടെയാണ് പ്രേക്ഷകർ ശാന്തരായത്.
രണ്ട് മോഹൻലാൽ ഉണ്ടെന്നു പറഞ്ഞാൽ കാണികളുടെ ആകാംക്ഷ ഇല്ലാതാകും എന്നു കരുതിയാണ് ഇക്കാര്യം മറച്ചുവെച്ചത് എന്ന് വ്യക്തമാക്കുകയാണ് സിബി മലയിൽ .. പക്ഷേ മോഹൻലാലിന്റെ മരണം ഉൾക്കൊള്ളാൻ കഴിയാത്ത ആരാധകർ അക്രമാസക്തരായി. ഇങ്ങനെയൊക്കെയാണെങ്കിലും മായാമയൂരം വലിയൊരു വിജയമായിരുന്നു എന്ന് വ്യക്തമാക്കുന്നു സിബി മലയിൽ.