ഭാവങ്ങളുടെ പകര്‍ന്നാട്ടം; ശോഭനയല്ലാതെ മറ്റാര്…!
1 min readഇന്ത്യന്‍ സിനിമയുടെ അഭിമാനം; പകരംവയ്ക്കാനില്ലാത്ത പ്രതിഭാസം
ചന്ദ്രകുമാറിന്റേയും ആനന്ദത്തിന്റേയും മകളായി 1970 മാര്‍ച്ച് 21ന് തിരുവനന്തപുരത്താണ് ശോഭനയുടെ ജനനം. പ്രശസ്ത നര്‍ത്തകിമാരും നടിമാരുമായ ലളിത-പത്മിനി-രാഗിണിമാരുടെ സഹോദരന്റെ പുത്രിയാണ് ശോഭന. കുട്ടിക്കാലം മുതല്‍ക്കേ ശോഭന ഭരതനാട്യം അഭ്യസിച്ചു.
അഭിനേത്രി എന്ന നിലയിലും മികവുറ്റ ഭാരതനാട്യം നര്‍ത്തകി എന്ന നിലയിലും പ്രശസ്തയാണ് ശോഭന. ഏകദേശം 230ല്‍ അധികം ചലച്ചിത്രങ്ങളുടെ ഭാഗമായി. അതില്‍ മലയാള സിനിമാമേഖലയില്‍ ആണ് കൂടുതല്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയമികവ് തെളിയിച്ചു. മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരത്തിന് രണ്ടുതവണ അര്‍ഹയായി. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ശോഭന നേടിയിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍, ജി. അരവിന്ദന്‍, കെ. ബാലചന്ദര്‍, എ.എം. ഫാസില്‍, മണി രത്‌നം, ഭരതന്‍, ഉപലപതി നാരായണ റാവു, പ്രിയദര്‍ശന്‍ എന്നീ പ്രമുഖരായ സംവിധായകരുരോടൊപ്പം ശോഭന പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചിത്രാ വിശ്വേശ്വരന്‍, പത്മാ സുബ്രഹ്മണ്യം എന്നീ പ്രതിഭാസമ്പന്നരായ നര്‍ത്തകരുടെ ശിഷ്യണത്തിലായിരുന്നു ശോഭന എന്ന നര്‍ത്തകി ഉരുവപ്പെട്ടത്. കലാര്‍പ്പണ എന്ന നൃത്ത വിദ്യാലയത്തിന്റെ സ്ഥാപകയും പ്രമുഖ നര്‍ത്തകിയുമാണ് ശോഭന. 2006ല്‍ ശോഭനയുടെ കലാമികവിനെ രാജ്യം പത്മശ്രീ നല്‍കി ആദരിക്കുകയുണ്ടായി. കലയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് 2006ല്‍ ഇന്ത്യാ സര്‍ക്കാര്‍ പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു. 2014ല്‍ കേരള സംസ്ഥാന സര്‍ക്കാര്‍ കലാ രത്‌ന അവാര്‍ഡ് നല്‍കി ആദരിച്ചു. 2019 ല്‍ എം.ജി.ആര്‍. വിദ്യാഭ്യാസ ഗവേഷണ ഇന്‍സ്റ്റിറ്റൂട്ട് ഡോക്ടറേറ്റ് സമ്മാനിച്ചു.
1984ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ശോഭന രണ്ടാമതായി അഭിനയിക്കുന്നത്. അതേ വര്‍ഷം തന്നെ മമ്മൂട്ടിയുടെ നായികയായി കാണാമറയത്ത് എന്ന ചിത്രത്തിലും ശോഭന അഭിനയിച്ചു. 1994ല്‍ ഫാസലിന്റെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിന് ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് 2002ല്‍ ശോഭനക്ക് രണ്ടാമതും ദേശീയ അവാര്‍ഡ് ലഭിച്ചു.