കുതിക്കുന്ന വില, ഖജനാവ് കാലി. ഓണമുണ്ണാനാവുമോ എന്ന് മലയാളികള്‍
1 min read
സംസ്ഥാനത്ത് ഇത്തവണത്തെ ഓണക്കിറ്റ് മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കും മാത്രം. കഴിഞ്ഞ ഓണത്തിന് വരുമാന പരിധിയില്ലാതെ എല്ലാ കാര്‍ഡുകാര്‍ക്കും കിറ്റ് നല്‍കിയിരുന്നു. അത് നിര്‍ത്തലാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് കിറ്റ് വിതരണം പരിമിതപ്പെടുത്തുന്നത്.
എല്ലാവര്‍ക്കും ഓണക്കിറ്റ് നല്‍കണമെങ്കില്‍ 558 കോടി രൂപ വേണ്ടിവരും. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമ തീരുമാനമെടുക്കും.. കഴിഞ്ഞവര്‍ഷം 90 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്ത വകയില്‍ സര്‍ക്കാരിന് ചെലവായത് 500 കോടി രൂപയാണ്. ഇത്തവണ കാര്‍ഡുടമകളുടെ എണ്ണം 93.76 ലക്ഷമായി. അതിനാല്‍ ഏറ്റവും ദരിദ്രരായവരെ മാത്രം പരിഗണിച്ചാല്‍ മതിയെന്നാണു സര്‍ക്കാര്‍ നിലപാട്.
5.87 ലക്ഷം മഞ്ഞകാര്‍ഡുകളാണ് ഉള്ളത്. ഇവര്‍ക്ക് 500 രൂപയുടെ കിറ്റുനല്‍കിയാല്‍പ്പോലും 30 കോടിയോളം രൂപ ചെലവുവരും. പിങ്കുകാര്‍ഡുകാരെക്കൂടി പരിഗണിച്ചാല്‍ ചെലവ് 200 കോടി കടക്കും. സബ്സിഡി സാധനങ്ങള്‍ വിതരണം ചെയ്ത വകയില്‍ സപ്ലൈകോയ്ക്ക് സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ളത് കോടിക്കണക്കിനു രൂപയാണ്. പണം കിട്ടാത്തതിനാല്‍ സാധനങ്ങളെത്തിക്കാന്‍ കരാറുകാരും തയ്യാറാകുന്നില്ല. അതിനാല്‍ സബ്സിഡി സാധനങ്ങള്‍ വിതരണം ചെയ്യാനാകാതെ പ്രതിസന്ധിയിലാണ് സപ്ലൈകോ . അതുകൊണ്ടുതന്നെ ഇക്കാല്ലത്തെ ഓണക്കിറ്റിന്റെ ബാധ്യതകൂടി ഏറ്റെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് സപ്ലൈകോയും.
നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റം കാരണം ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണ്. പച്ചക്കറിക്കെ്ല്ലാ ംതീപിടിച്ച വിലയാണ്. ഇത്തവണ ഓണമുണ്ണാന്‍ ജനം നന്നായി ബുദ്ധിമുട്ടുമെന്നര്ഥം.
മറുഭാഗത്ത് സര്‍ക്കാരാവട്ടെ സാമ്പത്തിക പ്രതിസന്ധിയിലും. കടമെടുത്താണ് ഇതുവരെ കാര്യങ്ങള്‍ നടത്തിയിരുന്നത്. ഇപ്പോള്‍ കടമെടുക്കാന്‍പോലും പറ്റുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കൊടുക്കാന്‍ പോലും കഴിയാത്ത സ്ഥിത. ഓണത്തിന് ബോണസും അലവന്‍സും നല്‍കാനുള്ള തുകയും കണ്ടെത്തണം. അതിനിടയില്‍ KSRTC യിലെ ശമ്പളവിതരണക്കാര്യത്തില്‍ കോടതിയുടെ ഇടപെടല്‍. എവിടെ നിന്നെടുക്കും എന്നറിയാതെ കണ്ണുമിഴിച്ചിരിക്കുന്ന ധനമന്ത്രി . ഇപ്പോള്‍ തന്നെ ഓവര്‍ഡ്രാഫ്റ്റിലാണ് കാര്യങ്ങള്‍ നടക്കുന്നത്. എല്ലാ മാസവും കടമെടുപ്പാണ്. ഓണം അഡ്വാന്‍സും പ്രതീക്ഷിക്കേണ്ട എന്ന മുറുമുറുപ്പിലാണ് ജീവനക്കാര്‍.