ജയിക്കാനുറച്ച് ഇറങ്ങുന്ന ടീം ഇന്ത്യയെ കുളിപ്പിക്കുമോ മഴ; പെര്‍ത്തിലെ കാലാവസ്ഥാ പ്രവചനം അറിയാം
1 min readപെര്‍ത്ത്: ഓസ്‌ട്രേലിയയിലെ ട്വന്റി 20 ലോകകപ്പ് മഴ ഉത്സവമായി മാറുകയാണ്. ഇന്നലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ രണ്ട് മത്സരങ്ങളും കനത്ത മഴമൂലം ടോസ് പോലും ഇടാനാവാതെ ഉപേക്ഷിക്കേണ്ടിവന്നു. അതിന് മുമ്പ് നടന്ന പല മത്സരങ്ങളേയും മഴ ബാധിച്ചു. മഴയുടെ കളിയില്‍ ടീമുകളുടെ പോയിന്റ് പ്രതീക്ഷകളാണ് ഒലിച്ചുപോകുന്നത്. ഈ സാഹചര്യത്തില്‍ നാളെ നടക്കേണ്ട ഇന്ത്യദക്ഷിണാഫ്രിക്ക സൂപ്പ!ര്‍ പോരാട്ടത്തിനും മഴയുടെ ആശങ്കയുണ്ടോ സംശയത്തിലാണ് ആരാധകര്‍.
പെര്‍ത്ത് വേദിയാവുന്ന ഇന്ത്യദക്ഷിണാഫ്രിക്ക മത്സരത്തിന് മഴയുടെ വലിയ വെല്ലുവിളി നിലവില്‍ ഇല്ല എന്നാണ് കാലാവസ്ഥാ പ്രവചനങ്ങള്‍. മത്സരസമയം ആകാശം പാതി മേഘാവൃതമാകുമെങ്കിലും നേരിയ മഴ സാധ്യതയാണ് നാളെ പെര്‍ത്തില്‍ ഓസ്‌ട്രേലിയന്‍ കാലാവസ്ഥാ നിരീക്ഷണ വിഭാഗം പ്രവചിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ സമയം രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് അക്വ വെതറിന്റെ മഴ പ്രവചനം. ടീം ഇന്ത്യയുടെ മത്സരം ആരംഭിക്കുക പ്രാദേശികസമയം വൈകിട്ട് ഏഴ് മണിക്കാണ് എന്നതിനാല്‍ മഴ മത്സരത്തെ നേരിട്ട് ബാധിക്കാനിടയില്ല. പെര്‍ത്തില്‍ കാലാവസ്ഥാ പ്രതീക്ഷാനിര്‍ഭരമായി തുടര്‍ന്നാല്‍ ഇന്ത്യയും പ്രോട്ടീസും തമ്മില്‍ മികച്ചൊരു പോരാട്ടം കാണമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
നാളെ വൈകിട്ട് ഇന്ത്യന്‍സമയം നാലരയ്ക്കാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ വരുന്നത്. പെര്‍ത്തില്‍ നാല് മണിക്ക് ടോസ് വീഴും. കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ചതിനാല്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചാല്‍ രോഹിത് ശര്‍മ്മയ്ക്കും സംഘത്തിനും സെമിഫൈനല്‍ ഏതാണ്ടുറപ്പിക്കാം. രണ്ട് കളിയില്‍ നാല് പോയിന്റുള്ള ഇന്ത്യ ഗ്രൂപ്പില്‍ ഒന്നും അത്രതന്നെ മത്സരങ്ങളില്‍ മൂന്ന് പോയിന്റുള്ള ദക്ഷിണാഫ്രിക്ക രണ്ടും സ്ഥാനങ്ങളിലാണ്. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ നാല് വിക്കറ്റിനും രണ്ടാം കളിയില്‍ നെതര്‍ലന്‍ഡ്‌സിനെ 56 റണ്‍സിനും രോഹിത് ശര്‍മ്മയും കൂട്ടരും പരാജയപ്പെടുത്തിയിരുന്നു.