വൈറലായി സോമനും കൃതാവും
1 min readസോമന്റെ കൃതാവ്: ഗ്രാമീണരുടെ കഥ പറഞ്ഞ ഫാമിലി എന്റർടെയ്നർ
നെടുമുടി ഗ്രാമത്തിന്റെ മനോഹാരിത ഒപ്പയെടുത്തൊരു ചിത്രം. അതാണ് സോമന്റെ കൃതാവ്. പ്രകൃതിസ്നേഹിയാണ് കഥയിലെ നായകൻ. കൃഷി ഓഫീസറായ സോമൻ എല്ലാവരുടെയും പരിഹാസ കഥാപാത്രമാണ്. പഴയ കാലത്തിന്റെ പ്രതിനിധിയായതുകൊണ്ടാകാം പാഴ്സോമൻ, വട്ടൻ സോമൻ എന്നൊക്കെയാണ് ആളുകൾ അദ്ദേഹത്തെ വിളിക്കുന്നത്. പേസ്റ്റിന് പകരം മാവില, കഞ്ഞി കുടിക്കാൻ പോലും പ്ലാവിലയേ ഉപയോഗിക്കൂ. നിലത്തിരുന്നേ ഭക്ഷണം കഴിക്കൂ. ബേക്കറി പലഹാരങ്ങൾ കഴിക്കില്ല. എന്തിനേറെ ഭാര്യയുടെ പ്രസവം പോലും വീട്ടിൽ മതിയെന്നാണ് പുള്ളിക്കാരന്റെ ശാഠ്യം. വിനയ് ഫോർട്ട് അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തിന്റെ വേഷപ്പകർച്ചയും അഭിനയമികവും കുടുംബപ്രേക്ഷകരെ തിയേറ്ററിലേക്ക് ആകർഷിക്കുമെന്നുറപ്പാണ്.
സോമന്റെ രീതികളിഷ്ടപ്പെട്ട ഒരു പെൺകുട്ടി അയാളെ പ്രണയിക്കുന്നതുമുതൽ കഥയുടെ ഗതി മാറുന്നു. വിവാഹം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച സോമനെ അമ്മപോലും പരിഹസിക്കുന്നു. ഒരു പെൺകുട്ടിയുടെ ജീവിതംകൂടി നശിപ്പിക്കണോ എന്നാണ് അമ്മയുടെ ചോദ്യം.
മകൾക്ക് ഇന്ത്യയെന്ന് പേരിട്ട സോമൻ, അവൾ ആവശ്യപ്പെടുമ്പോൾ മാത്രം സ്‌കൂളിൽ ചേർത്താൽ മതിയെന്ന ചിന്താഗതിക്കാരനാണ്. മകളുടെ സംശയങ്ങളെല്ലാം നല്ല രീതിയിൽത്തന്നെ അയാൾ വിശദീകരിച്ചുകൊടുക്കുന്നുമുണ്ട്. സ്‌കൂളിൽ നിന്നും പഠിക്കുന്നതിനേക്കാൾ കൂടുതൽ അവൾ വീട്ടിൽ നിന്നും പഠിച്ചു.
ഗ്രാമീണ ജീവിതത്തെ വരച്ചുകാട്ടുന്നതിനൊപ്പം കുട്ടനാട്ടിലെ താറാവ് കർഷകരുടെ ജീവിതപ്രശ്നങ്ങളിലേക്കും ക്യാമറ തിരിക്കുന്നു സംവിധായകനായ രോഹിത് നാരായണൻ.
സോമന്റെ അമ്മയായെത്തുന്ന സീമ.ജി.നായരുടെ നർമ്മം എടുത്തു പറയേണ്ട ഒന്നാണ്. ഭാര്യയായി ഫറ ഹിബിലയും മകളായി ദേവനന്ദയും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ജയൻ ചേർത്തല, ഗംഗ മീര, റിയാസ് നർമ്മകല, ശ്രുതി സുരേഷ്, സുദീപ് സെബ്സറ്റിയൻ, ബിബിൻ ജോസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
കെ.എസ്.ഹരിശങ്കറും വിനീത് ശ്രീനിവാസനും ചേർന്ന് പാടിയ ചിത്രത്തിലെ ഗാനങ്ങൾ ഗ്രാമീണതയുടെ വശ്യസൗന്ദര്യം ആവാഹിക്കുന്നവയാണ്. പി.എസ്.ജയഹരിയുടേതാണ് സംഗീതം. പ്രകൃതിയിലേക്ക് മടങ്ങുക എന്ന സന്ദേശം പ്രോത്സാഹിപ്പിക്കേണ്ടതാണെങ്കിൽ പോലും, ആധുനിക വൈദ്യശാസ്ത്രത്തെ പാടേ നിരാകരിക്കണോ എന്ന ചോദ്യം ബാക്കിയാക്കിയാണ് ചിത്രം അവസാനിക്കുന്നത്.